ലൈംഗീകാരോപണം നേരിടുന്ന മുൻ ഹോളിവുഡ് ചലചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റെയ്ൻ കുറ്റക്കാരനാണെന്ന് ന്യുയോർക്ക് സുപ്രിം കോടതി വിധിച്ചു. ലോകത്തെ ഇളക്കിമറിച്ച മീ ടു ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത് അറുപത്തിയേഴുകാരനായ വെയ്ൻസ്റ്റെയ്നെതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയോടെയായിരുന്നു. അഞ്ച് ലൈംഗികാരോപണ പരാതികളാണ് വെയ്ൻസ്റ്റെയ്നെതിരെ ഉയർന്നത്. ഇതിൽ രണ്ട് കേസുകളിൽ മാത്രമേ കുറ്റം ചെയ്തതായി കോടതിക്ക് കണ്ടെത്താനായിട്ടുള്ളു. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന മറ്റു മുന്നു കേസുകളിൽ വെയ്ൻസ്റ്റെയ്നെതിരായ ആരോപണങ്ങൾ തെളിയിക്കാനായില്ല. 2006- ൽ മുൻ പ്രൊഡക്ഷൻ അസിസ്റ്റൻ്റ് മിമി ഹലെയിയെ പീഡിപ്പിച്ച കേസിലും 2003 ൽ നടി ജസീക്കാ മന്നിനെ ബലാത്സംഗം ചെയ്ത കേസിലുമാണ് വെയ്ൻസ്റ്റെയ്ൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഏറ്റവും കുറഞ്ഞത് അഞ്ച് വർഷം മുതൽ 25 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
മാർച്ച് 11 നാണ് ശിക്ഷ വിധിക്കുന്നതെന്ന് കോടതി പറഞ്ഞു. ലോക പ്രശസ്ത നടിമാരായ ആജ്ഞലീന ജോളി, കേറ്റ് ബെക്കിന്‍സെയില്‍, ലിസെറ്റ് ആന്‍റണി ആസിയ അർജന്റോ, അനബെല്ല സിയോറ, ഗിനത്ത് പാട്രോ, ലിയ സെയ്ദു, റോസ് മഗവൻ, ആംബ്ര ഗുറ്റിയെറസ്, ആഷ്‌ലി ജൂഡ്, കാറ ഡെലവിൻ, ഹെതർ ഗ്രഹാം, ലുസിയ ഇവാൻസ് എന്നിവരുൾപ്പെടെയുള്ള പ്രശസ്ത നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതോളം പേരാണ് വെയ്ൻസ്റ്റെയ്നെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം വെയ്ൻസ്റ്റെയ്ൻ നിഷേധിക്കുകയായിരുന്നു. അഞ്ചു ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏഴു പുരുഷന്മാരും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്ന ജൂറി വെയ്ൻസ്റ്റെയ്നെ കുറ്റക്കാരനാണെന്ന് വിധിച്ചത്. വാക്കറിൻ്റെ സഹായത്തോടെ കോടതി നടപടികൾക്കായെത്തിയ വെയ്‌ൻസ്റ്റെയ്നെ റിമാൻഡ് ചെയ്തു.
Content Highlights: Hollywood producer Harvey Weinstein guilty of sexual assault