മൂന്നു ദിവസം കൊണ്ട് 20 പേരുടെ മരണത്തിന് ഇടയാക്കിയ ഡൽഹി കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ. ഇന്ത്യയിൽ നിലവിൽ വന്ന പൌരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഏറ്റുമുട്ടിയതോടെയാണ് ഡൽഹിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യ വിരുദ്ധമായ നിയമം കൊണ്ടുവരുന്നത് ശരിയല്ലെന്ന് അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ജനാധിപത്യ രാജ്യങ്ങള്‍ വിഭജനവും വിവേചനവും അംഗീകരിച്ച് നല്‍കരുതെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയപാല്‍ ആവശ്യപ്പെട്ടു. മത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയമങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്നും പ്രമീള ജയപാല്‍ ട്വിറ്ററിൽ കുറിച്ചു. ഇതിന് മുമ്പും ജമ്മു കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇവർ പ്രതികരിച്ചിരുന്നു.
ഭരണകക്ഷികളുടെ ദയനീയ പരാജയത്തിൻ്റെ ഫലമാണ് അക്രമമെന്ന് മറ്റൊരു കോണ്‍ഗ്രസ് അംഗമായ അലന്‍ ലോവന്‍താല്‍ പറഞ്ഞു. ഇന്ത്യയില്‍ മനുഷ്യാവകാശം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അതിനെ പരസ്യമായി എതിർക്കണമെന്നും ലോവന്‍താല്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഡെമോക്രാറ്റ് പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥിയും സൈനറ്ററുമായ എലിസബത്ത് വാറന്റെ പ്രതികരണം.
പൌരത്വ ഭേദഗതി കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ വർഷം അമേരിക്കൻ കോൺഗ്രസ് പാനൽ അംഗങ്ങൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. അത് ഒരു പ്രസ്താവനയിൽ അവർ ചൂണ്ടി കാണിക്കുകയും ചെയ്തിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും ഉള്‍പ്പടെയുള്ള അമേരിക്കന്‍ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഡല്‍ഹി കലാപത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
content highlights: US lawmakers voice concern on Delhi violence