ന്യൂ ഡല്‍ഹി: നിർഭയക്കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ, പ്രതി ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചു. ഇന്ന് രാവിലെയാണ് ജസ്റ്റിസ് എം വി രമണ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹർജി തള്ളിയത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന പവന്‍ ഗുപ്തയുടെ ആവശ്യം ജസ്റ്റിസ് എം വി രമണയുടെ ബെഞ്ച് അംഗീകരിച്ചില്ല. തുടർന്ന് ചേംബറില്‍ വെച്ച് തന്നെ ഹർജി തള്ളുകയായിരുന്നു.
നാല് പ്രതികളെയും തൂക്കികൊല്ലാന്‍ സുപ്രീംകോടതി നിശ്ചയിച്ച ദിവസത്തിന് ഒരു ദിവസം മുമ്പാണ് ദയാ ഹർജിയുമായി പ്രതി രാഷ്ട്രപതിയെ സമീപിച്ചത്. മറ്റ് മൂന്ന് പ്രതികളുടെയും ദയാ ഹർജി രാഷ്ട്രപതി നേരത്തെ തന്നെ തള്ളിയിരുന്നു. രണ്ടാമതും ദയാഹര്‍ജി നൽകിയ അക്ഷയ് ഠാക്കൂര്‍ തീരുമാനം വരുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ പ്രോസിക്യൂഷനോട് എല്ലാ രേഖകളും സമർപ്പിക്കാന്‍ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
content highlights: Nirbhaya rape convict Pawan Gupta files mercy plea after rejection of curative petition