പാറ്റ്ന: സർക്കാർ അധ്യാപകർക്കൊപ്പം ശമ്പള തുല്യത ആവശ്യപ്പെട്ട് ബിഹാറിലെ സ്ഥിര-കരാർ അധ്യാപകർ നടത്തുന്ന സമരത്തില്‍ ദുരിതത്തിലായി വിദ്യാർത്ഥികള്‍. 3.5 ലക്ഷം അധ്യാപകരാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ബിഹാറിലെ ആകെയുള്ള 75,000 സ്കൂളുകളില്‍ 45,000 സ്കൂളുകളിലെയും ഉച്ച ഭക്ഷണം മുടങ്ങി. വിദ്യാർത്ഥികളുടെ ഹാജർ നില 70 മുതല്‍ 80 ശതമാനമായി കുറഞ്ഞതായും ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നു.
ഫെബ്രുവരി 17 മുതലാണ് സമരം ആരംഭിച്ചത്. സർക്കാർ തങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന തീരുമാനത്തിലത്തിലാണ് അധ്യാപകർ. ഒരേ ജോലിക്ക് ഒരേ വേതനം എന്ന ആവശ്യവുമായാണ് അധ്യാപകർ രംഗത്തിറങ്ങിയത്. എന്നാല്‍ അധ്യാപകരുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചതായാണ് സംസ്ഥാന സർക്കാരിൻറെ വാദം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സർക്കാർ തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നതാണ് അധ്യാപകരുടെ പ്രതീക്ഷ.
നിലവില്‍ ഒരു കരാർ അധ്യാപകന് 18,000 മുതല്‍ 30,000 വരെയാണ് മാസ ശമ്പളം. അതേസമയം, ഒരു സർക്കാർ ജീവനക്കാരായ അധ്യാപകർക്ക് 60,000 മുതല്‍ 90,000 രൂപ വരെ ലഭിക്കുന്നുണ്ട്.
കരാർ അധ്യാപകർ തങ്ങളെ ഭീക്ഷണിപ്പെടുത്തുകയാണെന്നും തുല്യ വേതനം എന്ന ആവശ്യം നിരസിച്ചത് സുപ്രീംകോടതിയാണെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രി കൃഷ്ണ നന്ദൻ പ്രസാദ് വർമ പ്രതികരിച്ചു. കുട്ടികളുടെ പഠനവും ഉച്ചഭക്ഷണവുമടക്കം അനിശ്ചിതത്വത്തിലാണെന്ന് പ്രതികരിച്ച മന്ത്രി, വിഷയത്തില്‍ ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു.
Content Highlight: Teacher strike leads curtailing of mid day meal and attendance at 45,000 schools in Bihar