കൊറോണ വെെറസ് വ്യാപിക്കുന്നതിനെ തുടർന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ മൈക്രോസോഫ്റ്റിൻ്റെ നിർദ്ദേശം. മെെക്രോസോഫ്റ്റിൻ്റെ സിയാറ്റിൽ അസ്ഥാനത്തും സാൻഫ്രാൻസിസ്കോയിലുമുള്ള ജീവനക്കാരോടാണ് മാർച്ച് 25 വരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദ്ദേശിച്ചിരുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജോലിസ്ഥലം സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് നടപടിയെന്ന് മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് കുർട്ട് ഡെൽബെൻ പറഞ്ഞു. ഡാറ്റാ സെൻ്ററിലുള്ളവർക്കും റിട്ടെയിൽ ജീവനക്കാർക്കും ഓഫീസിൽ ആയിരിക്കേണ്ടത് അത്യവശ്യമായതുകൊണ്ട് അവർ ഓഫീസിൽ ജോലി തുടരുമെന്നും സർക്കാർ മാർഗനിർദ്ദേശമനുസരിച്ച് കമ്പനി അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലുള്ള കൊറോണ ബാധയുള്ള മേഖലകളിലേക്കുള്ള ബിസിനസ്സ് യാത്രകൾ ജീവനക്കാർ ഒഴിവാക്കണമെന്നും രോഗം വരുമെന്ന് ജീവക്കാർക്ക് ആശങ്ക ഉണ്ടെങ്കിൽ യാത്ര ചെയ്യാൻ അവരെ നിർബന്ധിക്കുകയില്ലെന്നും മെെക്രോസോഫ്ട് വ്യക്തമാക്കി.
സിയാറ്റിൻ പ്രദേശത്ത് 39 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പത്തു പേർ വെെറസ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. അമേരിക്കയിൽ രോഗം പടർന്ന് പിടിക്കുന്നതിൽ ഏറ്റവും കൂടുത സാധ്യതയുള്ള പ്രദേശമാണ് സിയാറ്റിൽ. ജോലിക്കായി ഓഫീസിൽ എത്തുന്നവർക്ക് മറ്റുള്ളവരുമായി അടുത്ത് ഇടപെടരുതെന്നും സംസാരിക്കുമ്പോൾ 1.8 മീറ്റർ അകലം പാലിക്കണമെന്നും കർശന നിർദ്ദേശമുണ്ട്.
content highlights: Microsoft Employees In US Asked To Work From Home Amid Coronavirus Threat