ബംഗളൂരു: പൌരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം കളിച്ചെന്നാരോപിച്ച് രാജദ്രോഹ കുറ്റം ചുമത്തിയ സംഭവത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി. കർണാടകയിലെ ബീദാർ സ്കൂളിലെ അധ്യാപിക, ഒരു വിദ്യാർത്ഥിയുടെ മാതാവ് എന്നിവർക്കെതിരെയായിരുന്നു രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. രാജ്യദ്രോഹം വ്യക്തമാക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ബിദറിലെ ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കി. ബീദറിലെ ഷഹീന്‍ സ്കൂള്‍ മാനേജ്മെന്‍റിന് ജാമ്യവും അനുവദിച്ചു.
നാടകത്തിലെ സംഭാഷണങ്ങള്‍ വിദ്വേഷം ജനിപ്പിക്കുന്നതോ സര്‍ക്കാരിന് എതിരായതോ അല്ല. സമൂഹത്തില്‍ ഒരുവിധത്തിലുമുള്ള അനൈക്യത്തിനും കാരണമാകുന്നതായി കാണുന്നില്ല. അതുകൊണ്ടുതന്നെ പ്രഥമദൃഷ്ട്യാ 124എ വകുപ്പ് നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം വിടേണ്ടിവരുമെന്നാണ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ പറയുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒന്നും നാടകത്തില്‍ ഉള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ജില്ലാ ജഡ്ജി പറഞ്ഞു.
ജനുവരി 21-നാണ് ബീദറിലെ ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സ്‌കൂളില്‍ നാല്, അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ നാടകം അവതരിപ്പിച്ചത്. നാടകം നടന്ന് അഞ്ചുദിവസത്തിനു ശേഷം സ്‌കൂളിനെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നാടകത്തിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോലീസ് നടപടി.
Content Highlight: Court dismissed sedition case over Bidar Shaheen School management