യു.പി സർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് അലഹബാദ് ഹൈക്കോടതി. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ അക്രമത്തിൽ കുറ്റാരോപിതരുടെ ചിത്രം സർക്കാർ പതിച്ചതിനെതിരെ സ്വമേധയാ കേസെടുത്ത് കൊണ്ട് കോടതി രംഗത്തെത്തി. മൂന്ന് മണിക്ക് മുൻപായി ഈ ബാനറുകൾ നീക്കം ചെയ്യണമെന്നാണ് പ്രത്യേക സിറ്റിങ്ങിൽ കോടതി ആവശ്യപെട്ടത്.
ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടയിൽ പൊതു മുതൽ നശിപ്പിച്ചുവെന്നാരോപിച്ചു കൊണ്ട് നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടിയാണ് ലഖ്നൗ ഭരണ കൂടത്തിൻ്റെ നേതൃത്വത്തിൽ ബാനറുകൾ സ്ഥാപിച്ചത്. അറുപതോളം പ്രതിഷേധക്കാരുടെ പേരും ചിത്രവും വിവരങ്ങളും ഉൾപെടുത്തിയ ബാനറുകൾ ലഖ്നൗ നഗരത്തിലാകെ സ്ഥാപിച്ചിരുന്നു.
പ്രതിഷേധക്കാരുടെ ഫോട്ടോകൾ വെച്ച് ബാനറുകൾ സ്ഥാപിച്ചത് അന്യായ നടപടിയാണെന്നും, വ്യക്തിസ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും ഹൈക്കോടതി അഭിപ്രായപെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദേശത്തിലാണ് നടപടിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ബാനറിലുള്ളവർ കുറ്റാരോപിതരാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. പ്രക്ഷോഭകര്‍ കുറ്റക്കാരാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യരുതെന്നും കോടതി പറഞ്ഞു.
Content Highlights; Allahabad HC directs removal of banners containing photos of persons accused of violence.