നാളെ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്വപെട്ട് കമല്‍നാഥിന് മധ്യപ്രദേശ് ഗവര്‍ണര്‍ കത്തെഴുതി. നാളെതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ സഭയില്‍ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലാത്തതായി കണക്കാക്കുമെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. ഗവര്‍ണര്‍ പക്ഷാപാതപരമായ സമീപനം പുലര്‍ത്തുന്നെന്ന മുഖ്യമന്ത്രി കമല്‍നാഥിന്റെ പരാമര്‍ശത്തെയും ഗവര്‍ണറുടെ കത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
പാര്‍ലമെന്ററി ചട്ടത്തിനു വിരുദ്ധമായ രീതിയിലാണ് തന്റെ കത്തിന് കമല്‍നാഥ് മറുപടി നല്‍കിയതെന്നും ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് പറഞ്ഞു. അനുവദിച്ച സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനു പകരം ഇപ്രകാരം കത്തെഴുതിയത് വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ്.
വിശ്വാസ വോട്ടെടുപ്പ് നടത്താതിരിക്കാന്‍ ചൂണ്ടികാണിച്ച കാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു.
മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച ദിവസം ഇന്നായിരുന്നു. ഇന്ന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കേയാണ് വിശ്വാസ വോട്ട് ഇന്ന് തന്നെ തേടാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം, ഗവര്‍ണറുടെ ഉത്തരവ് തള്ളിയ സ്പീക്കര്‍, ഗവര്‍ണറുടെ നയപ്രഖ്യാപനവും, നന്ദി പ്രമേയ ചര്‍ച്ചയും മാത്രമാണ് ഇന്നത്തെ നടപടികളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സഭാനടപടി ക്രമങ്ങളില്‍ സ്പീക്കറുടെ തീരുമാനമാണ് അന്തിമമെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.