കൊറോണ വെെറസിനെതിരെയുള്ള വാക്സിൻ വികസിപ്പിക്കാൻ ജർമ്മനിക്ക് കഴിഞ്ഞാൽ അതിൻ്റെ അവകാശം വിലകൊടുത്ത് വാങ്ങാനുള്ള നീക്കത്തിലാണ് ഡൊണാൾസ് ട്രംപ് എന്ന് റിപ്പോർട്ട്. ഇതിനായി വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണം നടത്തുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ക്യൂവാക്കിന് 100 കോടി ഡോളർ ട്രംപ് വാഗ്ദാനവും ചെയ്തു.
എന്നാൽ ട്രംപിൻ്റെ നീക്കത്തിനെതിരെ വിമർശനവുമായി ജർമ്മനി രംഗത്ത് വന്നു. ആഗോളപരമായി വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, എല്ലാ മനുഷ്യരാശിയും വലിയ അപകടം തരണം ചെയ്യാൻ ശ്രമിക്കുമ്പോൾ ട്രംപിൻ്റെ ഈ നാണംകെട്ട നീക്കം അധാർമ്മികമാണെന്ന് ജർമ്മനി ചൂണ്ടിക്കാട്ടി. വാക്സിൻ കണ്ടെത്താൻ കഴിഞ്ഞാൽ അത് അമേരിക്കയ്ക്ക് നൽകില്ലെന്നും ലോകത്തിനായി ഉപയോഗിക്കുമെന്നും ജർമ്മൻ മന്ത്രിമാർ വ്യക്തമാക്കി.
ജർമ്മനി വിൽപ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ജർമ്മൻ സാമ്പത്തികകാര്യ മന്ത്രി പീറ്റർ അൽതമെയിൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്. കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വാക്സിൻ വികസിപ്പിച്ചെടുക്കാൻ സാധിക്കുെമെന്നതിൽ തങ്ങൾക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് ജർമ്മൻ അരോഗ്യ മന്ത്രാലയം ചീഫ് എക്സിക്യൂട്ടീവ് ഡാനിയേൽ മെനിച്ചെല്ല പറഞ്ഞു. കൊറോണ വെെറസ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന് ആവശ്യമായ അവസരങ്ങളെപ്പറ്റിയും മാർഗ്ഗങ്ങളെപ്പറ്റിയും ചർച്ച ചെയ്യാൻ ഡാനിയേൽ മെനിച്ചെല്ലയെ വെറ്റ് ഹൌസിലേക്ക് ട്രംപ് ക്ഷണിച്ചിരുന്നു.
വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നതിൽ ആഗോളതലത്തിൽ മുഖ്യ പങ്ക് ജർമ്മനിക്കാണെന്നും അത് ഒരാൾക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നല്ലെന്നും നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര സഹകരണമാണാവശ്യമെന്നും ജർമ്മൻ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു.
content highlights: Trump’s attempt to buy a coronavirus vaccine from Germany