കോഴിക്കോട്: കോവിഡ് 19 കാരണം കേരളത്തിന്റെ പാല് വേണ്ടെന്ന് തമിഴ്നാട് തീരുമാനിച്ചതോടെ മില്‍മയില്‍ പ്രതിസന്ധി രൂക്ഷമായി. ലോക്ക് ഡൗണില്‍ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നതോടെ മിച്ചം വരുന്ന പാല് പാല്‍പൊടിയാക്കാനായി തമിഴ്നാട്ടിലേയ്ക്ക് കയറ്റി അയച്ചായിരുന്നു താല്‍ക്കാലിക പ്രതിസന്ധി മില്‍മ മറികടന്നിരുന്നത്.
പാല്പൊടിക്കായി ബാക്കിവരുന്ന പാല് കയറ്റി അയക്കുന്നത് കൊണ്ട് മില്‍മയുടെ കീഴിലുള്ള എല്ലാ കര്‍ഷകരില്‍ നിന്നും തടസ്സമില്ലാതെ പാല് ശേഖരിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിന്റെ പാല് ഇനി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കുലര്‍ അയച്ചു.
നിലവില്‍ ആറര ലക്ഷം ലിറ്റര്‍ പാലാണ് മലബാര്‍ മേഖലയില്‍ നിന്ന് മാത്രം മില്‍മ ശേഖരിക്കുന്നത്. ഇതില്‍ മൂന്ന് ലക്ഷം ലിറ്റര്മാത്രമാണ് ചെലവാകുന്നത്. വളരെ കുറച്ച് മാത്രം പാല് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മണത്തിനും ഉപയോഗിച്ചിരുന്നു. ബാക്കിയുള്ളതാണ് പാല്‍പ്പൊടിക്കായി തമിഴ്നാട്ടിലേക്ക് അയച്ചിരുന്നത്.
കേരളത്തില്‍ എറണാകുളത്തുള്ള പിഡിഡിപിയില് മാത്രമാണ് പാല്‍പ്പൊടി നിര്‍മ്മാണ കേന്ദ്രമുള്ളത്. അവിടെ മില്‍മയുടെ വളരെ കുറഞ്ഞ അളവ് മാത്രമാണ് പൊടിയാക്കാന്‍ കഴിയുന്നത്.
ഒരു ലക്ഷത്തോളം കര്‍ഷകരാണ് മലബാര്‍ മേഖലയില്‍ ഇപ്പോഴുള്ളത്. ഇവരാണ് യഥാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായത്. ഇതോടെ നാളെ മുതല്‍ മില്‍മ മലബാര്‍ മേഖലയില്‍ പാല്‍സംഭരണം നിര്‍ത്താനുള്ള നീക്കത്തിലാണ്.
Content Highlight: Tamil Nadu cancelled the order of milk from Kerala