മൂന്നാറിൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു

covid 19, munnar Lockdown started

മൂന്നാറിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. നിരോധനാജ്ഞ ലംഘിച്ച് ആളുകൾ പുറത്തിറങ്ങാൻ തുടങ്ങിയതോടെയാണ് മൂന്നാറിൽ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടർന്ന് ഇന്ന് ഉച്ചക്ക് രണ്ട് മണിയ്ക്ക് തന്നെ മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു. മെഡിക്കല്‍ സ്റ്റോര്‍, ബാങ്കുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ മാത്രമായിരിക്കും ഏപ്രില്‍ 16 വരെ ഇനി തുറന്ന് പ്രവര്‍ത്തിക്കുക.

മുന്നാർ പഞ്ചായത്തിനായിരിക്കും ലോക്ക്ഡൗണ്‍ പ്രധാനമായും ബാധകമാവുക.  പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷവും എസ്റ്റേറ്റ് മേഖലയില്‍ നിന്നടക്കം ആളുകള്‍ നിരന്തരമായി മൂന്നാര്‍ ടൗണിലേക്ക് എത്തുന്നുണ്ടായിരുന്നു. പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഓരോ വഴികളിലും മണിക്കൂറില്‍ ശരാശരി 150 പേര്‍ വരെ പുറത്തിറങ്ങുന്നുവെന്ന് കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്ന് കാട്ടുവഴികളിലൂടെയും ആളുകള്‍ കേരളത്തിലെത്തുന്നതായും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ജില്ലാഭരണകൂടം സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്.

സമ്പൂര്‍ണ്ണ അടച്ചിടല്‍ നിലവില്‍ വന്നതോടെ പുറത്തിറങ്ങുന്നവർക്ക് നടപടി ഉണ്ടാകും. പ്രായപൂർത്തിയാകാത്തവരും മുതിർന്ന പൗരന്മാരും പുറത്തിറങ്ങിയാൽ വീട്ടുകാ‍ർക്ക് എതിരെ കേസെടുക്കും. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കടകളില്‍ അവശ്യസാധനങ്ങള്‍ ഉറപ്പ് വരുത്തുമെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. എസ്റ്റേറ്റ് ബസാറുകളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ അതത് കമ്പനികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

content highlights: covid 19, munnar Lockdown started