ഇടുക്കി: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ജില്ലകള്‍ റെഡ് സോണിലായതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ജാഗ്രതയില്‍. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണവും നിയന്ത്രണവും പൊലീസ് ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 22 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളില്പെടുന്ന ശാന്തന്‍പാറ പഞ്ചായത്തിലെ ഒന്ന്, അഞ്ച്, ഏഴ് നെടുങ്കണ്ടത്തെ എട്ട്, ഒമ്ബത്, 11, കരുണാപുരത്തെ നാല്, ഏഴ്, 10, 11, വണ്ടന്മേട് ഏഴ്, പത്ത്, ചക്കുപള്ളം എട്ട്, 11, കുമളി ആറ്, ഏഴ്, എട്ട്, ഒമ്പത്, 12, ചിന്നക്കനാല്‍ അഞ്ച്, ഉടുമ്പന്‍ചോലയിലെ അഞ്ച്, ഏഴ് എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തമിഴ്നാട്ടില്‍ 17 ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ കോയമ്പത്തൂര്‍, തേനി, തിരുപ്പൂര്‍, തിരുനെല്‍വേലി ജില്ലകളാണ് കേരളവുമായി അതിര്‍ത്തി പങ്കിടുന്നത്. ചെന്നെ കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കോയമ്പത്തൂരിലാണ്. കോയമ്പത്തൂരില്‍ 126പേര്‍ക്കും തിരുപ്പൂരില്‍ 79 പേര്‍ക്കും തിരുനെല്‍വേലിയില്‍ 56പേര്‍ക്കും തേനിയില്‍ 40 പേര്‍ക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ ചൊവ്വാഴ്ച 31 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1204 ആയി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് തമിഴ്നാട്ടിലാണ്.
Content Highlight: Strict restrictions used the districts which share border with Tamil Nadu