പാവങ്ങളുടെ അരിയെടുത്ത് സാനിറ്റെെസർ ഉണ്ടാക്കി പണക്കാരൻ്റെ കെെ കഴുകുന്നു; രാഹുൽ ഗാന്ധി

കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നോതാവ് രാഹുൽ ഗാന്ധി. പാവങ്ങളുടെ അരി ഉപയോഗിച്ച് സാനിറ്റെെസർ ഉണ്ടാക്കി സമ്പന്നരുടെ കെെ കഴുകുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എഫ്‌സിഐ ഗോഡൗണുകളിലെ ധാന്യം ഉപയോഗിച്ച് എഥനോള്‍ ഉത്പാദിപ്പിക്കാനും അതുപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് രാഹുലിൻ്റെ വിമർശനം. ‘എപ്പോഴാണ് ഇന്ത്യയിലെ ജനങ്ങൾ ഉണരുക? നിങ്ങളിവിടെ വിശപ്പുകൊണ്ട് മരിക്കുമ്പോൾ നിങ്ങളുടെ അരിയെടുത്ത് സാനിറ്റെെസർ ഉണ്ടാക്കി സമ്പന്നരുടെ കെെകഴുകയാണ് അവർ. രാഹുല്‍ ഗാന്ധി ട്വീറ്ററിൽ കുറിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് സാനിറ്റൈസറിൻ്റെ ഉപയോഗം വര്‍ധിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യധാന്യം ഉപയോഗിച്ച് എഥനോള്‍ നിര്‍മിക്കാനുള്ള തീരുമാനം എടുക്കുന്നത്. പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാൻ്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള തീരുമാനം കൈകൊള്ളുന്നത്. 

ലോക്ക്ഡൗണ്‍ സമയത്ത് നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് മതിയായ ഭക്ഷ്യധാന്യം ലഭിക്കുന്നില്ലെന്ന പരാതിക്കിടയിലാണ് കേന്ദ്ര സർക്കാരിൻ്റെ ഈ തീരുമാനം. എന്നാൽ മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ആയി മാറ്റാന്‍ 2018 ലെ ദേശീയ ബയോഫ്യുവല്‍ നയം അനുവദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. രാജ്യത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കല്‍ 58.59 മില്ല്യണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്തെ ജനങ്ങള്‍ക്കുള്ള കരുതല്‍ ശേഖരം കഴിഞ്ഞാലും ഇവ മിച്ചം വരും എന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ വാദം. 

content highlights: “Sanitisers For Rich From Poor’s Rice Share”: Rahul Gandhi Slams Centre