ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. കൊവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് സ്വദേശത്തേക്ക് മടങ്ങാമെന്ന് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അഞ്ചാഴ്ച്ചയ്ക്ക് ശേഷമാണ് കേന്ദ്രത്തിന്റെ തീരുമാനം.
കൊവിഡ് 19 ഇല്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അനുമതി നല്‍കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ ഉത്തരവ് പുറത്തിറക്കിയത്. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് പലയിടങ്ങളിലായി കുടുങ്ങിപ്പോയവരുടെ യാത്രയ്ക്ക് അനുമതി നല്‍കുക. ഇതിനായി പ്രത്യേക ബസുകള്‍ക്ക് യാത്രാനുമതി നല്‍കും. ബസുകള്‍ ഓരോ ട്രിപ്പിലും സാനിറ്റെസ് ചെയ്യും. സീറ്റിങ്ങ് സൗകര്യം ഒരുക്കുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പിന്തുടരണമെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
യാത്രയുടെ മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നോഡല്‍ ബോഡികളെ ചുമതലപ്പെടുത്തണം. വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കൂ. സ്വദേശങ്ങളില്‍ എത്തിച്ചേര്‍ന്നാല്‍ ഇവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ആശുപത്രികളില്‍ ഐസൊലേഷന്‍ നിര്‍ദേശിക്കുന്നവര്‍ അതും പിന്തുടരണമെന്നും ഉത്തരവിലുണ്ട്.
Content Highlight: Union Government approved to return home town for those who have no Covid symptoms