‘540ത് പാലങ്ങള്‍ ഉണ്ടാക്കിയ ഒരു ജനകിയ സര്‍ക്കാറിന് 14 നാടകശാലകള്‍ നിഷ്പ്രയാസമായ ഒരു കാര്യമാണ്’: നാടകക്കാര്‍ക്ക് പിന്തുണയുമായി ഹരീഷ് പേരടി

വിനോദ നികുതിയിലടക്കം ഇളവ് പ്രഖ്യാപിച്ച് തിയറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ നാടക കലാകാരന്മാര്‍ക്കും സഹായം ആവശ്യമുണ്ടെന്ന് അറിയിച്ച് നടന്‍ ഹരീഷ് പേരടി. നാടക നടനായതു കൊണ്ട് മാത്രമാണ് താന്‍ സിനിമയില്‍ വന്നതെന്നും വന്ന വഴി മറക്കാന്‍ പറ്റില്ലെന്നും ഹരീഷ് പേരടി ഫേസ് ബുക്കില്‍ കുറിച്ചു. ആ വഴിയില്‍ പ്രതീക്ഷയോടെ തന്റെ നാടക സുഹൃത്തുക്കളും ഇരിപ്പുണ്ടെന്നും ടിക്കറ്റെടുത്ത് ആളുകള്‍ നാടകം കാണുന്ന കാലമാണ് അവര്‍ സ്വപ്‌നം കാണുന്നതെന്നും ഹരീഷ് കുറിച്ചു.

സിനിമ വ്യവസായത്തിന് ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് പേരടി കഴിഞ്ഞ ദിവസം അഭിനന്ദനമറിയിച്ചിരുന്നു. എന്നാല്‍ നാടക കലാകാരന്മാരും മനുഷ്യരാണെന്ന് പേരടി ചൂണ്ടികാട്ടി. 540ത് പാലങ്ങള്‍ ഉണ്ടാക്കിയ ഒരു ജനകിയ സര്‍ക്കാറിന് 14 നാടകശാലകള്‍ നിഷ്പ്രയാസമായ ഒരു കാര്യമാണെന്നും എല്ലാ ജില്ലകളിലും ഒരു നാടകശാല നിര്‍ബന്ധമായും വേണമെന്നും പേരടി ആവശ്യപ്പെട്ടു. നിരവധി പേരാണ് പേരടിയുടെ പോസ്റ്റിന് താഴെ പിന്തുണയറിയിച്ചെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

നാടകക്കാരനായതു കൊണ്ട് മാത്രമാണ് ഞാന്‍ സിനിമയില്‍ സജീവമായത്… വന്ന വഴി മറക്കാന്‍ പറ്റില്ല… ആ വഴിയില്‍ പ്രതീക്ഷയോടെ എന്റെ നാടക സുഹൃത്തുക്കള്‍ ക്ഷീണിതരായി ഇരിക്കുന്നുണ്ട്… ടിക്കറ്റെടുത്ത് ആളുകള്‍ നാടകം കാണുന്ന ഒരു കാലം എന്നെ പോലെയുള്ള എല്ലാ നാടകക്കാരും ഇപ്പോഴും സ്വപ്നം കാണുന്നുണ്ട്… അതിനായി ഏല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍തലത്തില്‍ നാടകശാലകള്‍ ഉണ്ടായേപറ്റു… 540ത് പാലങ്ങള്‍ ഉണ്ടാക്കിയ ഒരു ജനകിയ സര്‍ക്കാറിന് 14 നാടകശാലകള്‍ നിഷ്പ്രയാസമായ ഒരു കാര്യമാണ്… ഒരു പാട് വികസിത രാജ്യങ്ങളില്‍ ഇപ്പോഴും നാടകത്തിനുള്ള ടിക്കറ്റുകള്‍ മാസങ്ങള്‍ക്കുമുമ്പേ വിറ്റു പോവുന്നുണ്ട്… ഇതൊക്കെ ഇവിടെയും നടക്കുന്ന കാര്യങ്ങളാണ്… സിനിമക്കുള്ള ഇളവുകളില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു… പക്ഷെ ഞങ്ങളും കലാകാരന്‍മാരാണ്… മനുഷ്യരാണ്… ഏല്ലാ പാലങ്ങളും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയാനുള്ളതാണ് …

Content Highlight: Actor Hareesh Peradi in support with Drama Artists