ജമ്മുകശ്മീർ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണൽ, മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് സെെനികർക്ക് വീരമൃത്യു. ഒരു കേണല്‍, ഒരു മേജര്‍, രണ്ട് ജവാന്മാര്, ഒരു പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എന്നിവരുള്‍പ്പടെ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥരാണ് മരിച്ചത്. രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. വീരമൃത്യു വരിച്ച 21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസറായ കേണൽ അശുതോഷ് ശർമ നിരവധി ഭീകരവിരുദ്ധ ഓപറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനാണ്.
ഭീകരവാദികള്‍ ഹന്ദ്വാരയില് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സൈനിക ഓപ്പറേഷന് നടത്തിയത്. സ്റ്റാന്‍ഡിങ് ഓപ്പറേറ്റിങ് നടപടിക്രമത്തിൻ്റെ ഭാഗമായി വീടുകള്‍ കയറിയുള്ള പരിശോധനയും നടത്തി. ഭീകരവാദികൾ താമസിച്ചിരുന്ന വീടിനുള്ളിൽ പ്രവേശിച്ച സേനാംഗങ്ങൾ ബന്ദികളെ രക്ഷിച്ചു. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ വീരമൃത്യു വരിച്ചത്. വീട്ടിൽ താമസമുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. കശ്മീരിൽ സമീപകാലത്ത് ഒരു ഓപ്പറേഷനിൽ ഇന്ത്യൻ സേനയ്ക്ക് ഇത്രയും സേനാംഗങ്ങളെ നഷ്ടപ്പെടുന്നത് ആദ്യമായാണ്.
content highlights: Colonel, Major Among 5 Killed In Action In Encounter In J&K’s Handwara