തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചു വരാന്‍ രാജ്യത്തിനകത്ത് നിന്ന് തന്നെ ഒരു ലക്ഷത്തിലധികം പേരും വിദേശത്ത് നിന്നും അഞ്ച് ലക്ഷം പേരും നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതോടെ സംസ്ഥാനത്ത് വിപുലമായ സന്നാഹങ്ങളൊരുക്കി കേരളം. ലക്ഷക്കണക്കിന് പേര്‍ അതിര്‍ത്തി കടന്ന് എത്തുന്നതോടെ കേസുകളുടെ എണ്ണം കുത്തനെ കൂടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ കാണുന്നത്. അതിനാല്‍ തന്നെ നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ ലിവിങ് വിത്ത് വൈറസ് അഥവാ വൈറസിനോടൊപ്പം ജീവിക്കുക എന്ന നിലയിലാണ് പദ്ധതികള്‍. വന്‍തോതില്‍ സമൂഹവ്യാപനം ഉണ്ടായാല്‍ പോലും നേരിടാന്‍ തയാറെടുത്താണ് കേരളം കൊവിഡ് പ്രതിരോധത്തിലെ അടുത്തഘട്ടത്തെ നേരിടാനൊരുങ്ങുന്നത്.
ക്വാറന്റൈന്‍ കേന്ദ്രങ്ങളായി വീടുകള്‍ മുതല്‍ സ്റ്റേഡിയങ്ങള്‍ വരെയുണ്ട്. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, ചെറുതും വലുതുമായ സ്റ്റേഡിയങ്ങള്‍ എന്നിങ്ങനെ 26,999 കെട്ടിടങ്ങള്‍ തയാറാണ്. നിലവില്‍ രണ്ടര ലക്ഷത്തിന് മേല്‍ കിടക്കള്‍ക്ക് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. വെന്റിലേറ്ററുകള്‍ വേറെയും.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയം എന്നിവിടങ്ങളും ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കും.
കൊവിഡ് പരിശോധനയ്ക്കായി സംസ്ഥാനത്ത് നിലവില്‍ 16 ലാബുകള്‍ സജ്ജമാണ്. ഇതോടൊപ്പം തന്നെ പുതിയ പരിശോധന, ചികിത്സാ സംവിധാനങ്ങള്‍ കാത്തിരിക്കുകയാണ്. ഓണ്‍ലൈന്‍വഴി ഡോക്ടര്‍മാരടക്കം 280 ഓളം പേരെ നിയമിച്ചു കഴിഞ്ഞിട്ടുണ്ട്.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ തെരഞ്ഞെടുത്ത ചെക്ക് പോസ്റ്റുകളിലെ വേണം കേരളത്തിലേക്ക് പ്രവേശിക്കാന്‍. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റില്‍ നാളെ നൂറ് ഹെല്‍പ്പ് ഡെസ്‌കുകകളാണ് പുറത്തു നിന്നും വരുന്നവരെ പരിശോധിക്കാനായി സജ്ജമാകുന്നത്. ഈ രീതിയില്‍ വിപുലമായ സജ്ജീകരണങ്ങളാവും വാളയാറും, ആര്യങ്കാവും, അമരവിളയും, കുമളിയും അടക്കം സംസ്ഥാനത്തെ പ്രധാന അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളിലെല്ലാം സജ്ജമാക്കുക.
Content Highlight: Kerala is set to bring back all the Malayalees locked other Countries