ബിഹാറിലേക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികളുടേയും വിദ്യാർത്ഥികളുടേയും യാത്രാക്കൂലി സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. ഇതര സംസ്ഥാനത്തുള്ളവരെ നാട്ടിലേക്ക് എത്തിക്കാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്താനുള്ള നിർദേശം പരിഗണിച്ചതിന് കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നതായും നിതീഷ് കുമാർ പറഞ്ഞു. സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാവരേയും ക്വാറൻ്റീനിൽ നിരീക്ഷിക്കുകയും ഇതിന് ശേഷം മാത്രമേ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുകയുള്ളുവെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ബിഹാർ സർക്കാർ നേരിട്ട് റെയിൽവേയ്ക്ക് നൽകും. അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി ക്വാറൻ്റീൻ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുമ്പോൾ തിരിച്ചുനൽകും. 1000 രൂപയുടെ സാമ്പത്തിക സഹായം തൊഴിലാളികൾക്ക് ലഭിക്കും. നിലവിൽ ഈ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തെ 19 ലക്ഷത്തോളം പേർക്ക് 1000 രൂപ വീതം നൽകിയിട്ടുണ്ടെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
content highlights: Bihar Govt To Pay Rail Fare Of Stranded Workers, Students Returning To State says, Nitish Kumar