തമിഴ്നാട് വിഴുപുരത്ത് പതിനാലുകാരിയെ അക്രമികൾ തീവച്ചു കൊന്നു. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി തിങ്കളാഴ്ച രാവിലെ വിഴുപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. പെണ്‍കുട്ടിയുടെ പിതാവിനോട് ഉള്ള ശത്രുതയുടെ പേരിലായിരുന്നു ഇവരുടെ ക്രൂര നടപടി. സംഭവത്തിൽ എ.ഐ.എ.ഡി.എം.കെ പ്രാദേശിക നേതാക്കളായ ജി മുരുകൻ, കെ. കാളിയപെരുമാൾ എന്നിവർ അറസ്റ്റിലായി. വിഴുപുരത്ത് ചെറിയ കട നടത്തുന്ന ജയബാൽ എന്നയാളുടെ മകളാണ് കൊല്ലപ്പെട്ട പെൺകുട്ടി.
പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന സിരുമധുരൈയ് കോളനിയിൽ ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം നടന്നത്. എട്ടുവർഷം മുൻപ് ജയബാലിൻ്റെ സഹോദരനെ ആക്രമിച്ച കേസിൽ പ്രതികളായ മുരുകനും കാളിയപെരുമാളും അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലാണ് ഇരുവരും. വര്‍ഷങ്ങളായി എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് ഇവരുടെ കുടുംബത്തിനോട് ശത്രുത ഉണ്ടായിരുന്നു.
ഞായറാഴ്ച, പ്രതികള്‍ രണ്ട് പേരും ഇവരുടെ കൂട്ടാളികളും ജയബാലിവിൻ്റെ മകനെ മര്‍ദ്ദിച്ചിരുന്നു. മകനെ മര്‍ദ്ദിച്ചതിന് ജയബാൽ പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ പോയപ്പോഴായിരുന്നു വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. എന്നാൽ കട തുറന്ന് സാധനം നല്‍കാത്തതിനാലാണ് പെണ്‍കുട്ടിയെ തീകൊളുത്തിയതെന്നും മറ്റു ചില പ്രശ്നങ്ങളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
content highlights: 14-year-old girl set on fire allegedly by two AIADMK functionaries dies at Villupuram