ന്യൂഡല്‍ഹി: സൊമാറ്റോയ്ക്ക് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്വിഗ്ഗിയും. അടുത്ത കുറച്ച് ദിവസങ്ങളില്‍ കമ്പനിയിലെ 1100 ജീവനക്കാര്‍ പിരിഞ്ഞുപോകണമെന്ന് കമ്പനിയുടെ സഹ സ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജെറ്റി ജീവനക്കാര്‍ക്ക് അയച്ച ഇ- മെയിലില്‍ പറഞ്ഞുവെന്ന് കമ്പനിയുടെ ബ്ലോഗില്‍ പറയുന്നു.
കൊവിഡ് വ്യപനംമൂലം പ്രതിസന്ധി നേരിടുന്നതിനാണ് പിരിച്ചുവിടല്‍. കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം 8000 ജീവനക്കാരാണ് സ്വിഗ്ഗിയിലുള്ളത്. പിരിച്ചുവിടപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും സ്വിഗ്ഗി കുറഞ്ഞത് മൂന്ന് മാസത്തെ ശമ്പളം നല്‍കും. ഇതിനുപുറമെ, കമ്പനിയുമായി ഓരോ വര്‍ഷവും ജോലി ചെയ്യുന്നതിന് എക്സ് ഗ്രേഷ്യയും കമ്പനി നല്‍കുന്നുണ്ട്. ഇത് അറിയിപ്പ് കാലയളവിലെ ശമ്പളത്തിന് മുകളിലായിരിക്കും.
ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ മേഖലയില്‍ പ്രധാന എതിരാളിയായ സൊമാറ്റാ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വിഗ്ഗിയുടെ നീക്കം. തങ്ങളുടെ തൊഴിലാളികളില്‍ 13% പേരെ പിരിച്ചുവിടുമെന്നാണ് സൊമാറ്റോ പ്രഖ്യാപിച്ചത്.
Content Highlight: Swiggy after zomato planned to terminate its workers due to Covid losses