കനത്ത നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്; മരണം 14 കടന്നു; ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ വ്യാപകനാശനഷ്ടം

ന്യൂഡല്‍ഹി: കനത്തമഴയ്‌ക്കൊപ്പം എത്തിയ ചുഴലിക്കാറ്റില്‍ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ വ്യാപകനാശനഷ്ടം. പശ്ചിമബംഗാളില്‍ 12 പേരും ഒഡീഷയില്‍ രണ്ടും പേരുമാണ് മരിച്ചത്. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തിലാണ് പശ്ചിമബംഗാളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഏകദേശം 5,500 വീടുകളാണ് പശ്ചിമബംഗളില്‍ തകര്‍ന്നത്. കല്‍ക്കത്ത നഗരത്തിലടക്കം വൈദ്യുതി തടസപ്പെട്ടു. ഒഡീഷയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് പശ്ചിമബംഗാളിലെ ദിഗ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപ് എന്നിവയിലൂടെ ചുഴലിക്കാറ്റ് തീരംതൊട്ടത്.

കൂടാതെ പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്ന് 6.5 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേന(എന്‍ഡിആര്‍എഫ്)യുടെ 20 യൂണിറ്റ് ഒഡീഷയിലും 19 യൂണിറ്റ് ബംഗാളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പശ്ചിമബംഗാളില്‍ അഞ്ചു ലക്ഷം പേരെയും ഒഡീഷയില്‍ 1.58 ലക്ഷം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. കനത്തമഴയില്‍ ഇരു സംസ്ഥാനത്തെയും തീരമേഖലയില്‍ വീടുകള്‍ തകര്‍ന്നു. മണ്ണുകൊണ്ട് നിര്‍മിച്ച വീടുകള്‍ നിലംപരിശായി. റോഡുകളില്‍ വീണ മരങ്ങള്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ യന്ത്രസഹായത്തോടെ മുറിച്ചു മാറ്റുകയായിരുന്നു, ബംഗാള്‍ ഉള്‍ക്കടലില്‍ സൂപ്പര്‍ സൈക്ലോണായി രൂപപ്പെട്ട ഉംപുന്‍ ശക്തിക്ഷയിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുകയായിരുന്നു.

Content Highlight: 14 death reported in Odisha and Bengal due to Amphan Cyclone