ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ട ശേഷം കടയിൽ പോയി സാധനം വാങ്ങുന്ന പതിവുണ്ട്. നിയന്ത്രണങ്ങൾ അതിന് തടസമാകുന്നതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്നും, ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നാളെയും ഒൻപതുമണിവരെ തുറക്കാൻ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാളാവുകയാണെങ്കിൽ സമ്പൂർണ ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റമസാൻ പ്രമാണിച്ച് പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ച് ചേർന്ന് പെരുന്നാൾ നമസ്കരിക്കുക എന്നത് മുസ്ലിങ്ങൾക്ക് പുണ്യ കർമ്മമാണ്. എന്നാൽ ഇത്തവണ ഇതു വീടുകളിലാണ് നടത്തേണ്ടത്. സാമൂഹിക സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു തീരുമാനം സാമുദായിക നേതാക്കൾ കൈക്കൊണ്ടത്. സമത്വത്തിൻ്റേയും സഹനത്തിൻ്റേയും മഹത്തായ സന്ദേശമാണ് ഈദുൽ ഫിത്തൽ നൽകുന്നത്. ഇതിൻ്റെ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
content highlights: Kerala Lockdown relaxation during Eid ul Fitr