കൊവിഡിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിൻ്റെ ആദ്യ പരീക്ഷണഘട്ടം വിജയകരമെന്ന് ചൈനീസ് ഗവേഷകർ. ചൈനയിൽ കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത വാക്സിൻ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിച്ചുവെന്ന് ഗവേഷകർ പറഞ്ഞു. ചൈനയിലെ ജിയാങ്സു പ്രോവിൻഷ്യൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിലെ പ്രഫസർ ഫെങ്ചായ് ഷുവിൻ്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
പതിനെട്ട് മുതൽ അറുപത് വയസ്സുവരെയുള്ള 108 പേരിലായിരുന്നു ആദ്യഘട്ട പരീക്ഷണം. ഇവരിൽ ഭൂരിപക്ഷം പേരിലും രോഗ പ്രതിരോധശേഷി വർധിച്ചുവെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. വാക്സിൻ സ്വീകരിച്ചവരിൽ 28 ദിവസത്തിനുള്ളിൽ സാർസ് കോവ്–2 വൈറസിനെതിരായ ആൻ്റിബോഡി സൃഷ്ടിക്കപ്പെട്ടുവെന്നും 6 മാസത്തിനുള്ളിൽ അന്തിമഫലം ലഭിക്കുമെന്നും അധികൃതർ പറയുന്നു. ആദ്യ പരീക്ഷണഘട്ടത്തിൻ്റെ ഫലം അന്താരാഷ്ട്ര ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാക്സിൻ പൂർണ വിജയമാണെന്ന് പറയാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണെന്ന് ചൈനയിലെ ഗവേഷകർ അറിയിച്ചു. അതേസമയം വാക്സിൻ പരീക്ഷിച്ച 80 ശതമാനം ആളുകളിലും പാർശ്വഫലങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പനി,തളർച്ച, തലവേദന തുടങ്ങിയ പരാർശ്വഫലങ്ങളാണ് ഭൂരിഭാഗം പേരിലും കണ്ടത്. രണ്ടാംഘട്ടത്തിൽ ആയിരം പേരിലായിരിക്കും പരീക്ഷണം നടത്തുക.
content highlights: Coronavirus Vaccine in China Shows Promising Results on People, Immune Cells Developed in 2 Weeks