കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നിരോധനം ഏർപെടുത്തിയ വിദേശ വിമാന കമ്പനികൾക്ക് രാജ്യത്തിനകത്തേക്കുള്ള സർവീസ് പുനരാരംഭിക്കാമെന്ന് ചൈന. ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ സർവീസ് നടത്തുവാനാണ് ചൈനീസ് സിവിൽ ഏവിയേഷൻ വിഭാഗം അനുമതി നൽകിയിരിക്കുന്നത്. കൂടാതെ യുഎസ് വിമാനങ്ങൾക്ക് ഏർപെടുത്തിയിരുന്ന നിരോധനവും പിൻവലിച്ചു. ചൈനയിലെ കൊറോണ വ്യാപനം കൂടിയ സാഹചര്യത്തിൽ മാർച്ച് മുതലാണ് ചൈന ഏതാനും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണമേർപെടുത്തിയത്.
ജൂൺ പകുതിയോടെ ചൈനീസ് വിമാനങ്ങൾക്ക് യുഎസിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി നിഷേധിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നവെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ചൈനയുടെ ഇത്തരത്തിലൊരു നീക്കം. നിരോധന പിൻവലിച്ച് ജൂൺ ഒന്നു മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കണമെന്ന് ചൈനയോട് അമേരിക്ക അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ചൈന അനുമതി നൽകിയിരുന്നില്ല. ഇതിൻ്റെ പശ്ചാത്തലത്തിൽ ചൈനയ്ക്കു മേലുള്ള സമ്മർദ്ദം ചെലുത്തുന്നതിനായി ജൂൺ 16 ഓടെ വിലക്ക് കൊണ്ടുവരാനായിരുന്നു യുഎസിൻ്റെ തീരുമാനം.
Content Highlights; china allows limited us flights despite restrictions on its airlines