എയിംസിലെ 480 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; സുരക്ഷ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ അനാസ്ഥ

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ 480 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സുരക്ഷ ജീവനക്കാരും ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍ രോഗം കണ്ടെത്തിയത് മുന്‍കരുതലെടുക്കുന്നതില്‍ വരുത്തിയ അനാസ്ഥയാണെന്നാണ് ആരോപണം.

19 ഡോക്ടര്‍മാരുള്‍പ്പെടെ 38 നഴ്‌സുമാര്‍, 74 സുരക്ഷ ജീവനക്കാര്‍, 75 ഹോസ്പിറ്റല്‍ അറ്റന്‍ഡേഴ്‌സ്, 54 ശുചീകരണ തൊഴിലാളികള്‍, 14 ലാബ് ടെകനീഷ്യന്മാര്‍ എന്നിവര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചു.

നിലവാരമില്ലാത്ത പിപിഇ കിറ്റുകള്‍ നല്‍കുന്നതടക്കമുള്ളവയില്‍ പ്രതിഷേധിച്ച് നഴ്‌സസ് യൂണിയന്‍ മൂന്ന് ദിവസങ്ങളിലായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൊഴില്‍ ഇടങ്ങളില്‍ സുരക്ഷ ഉറപ്പു വരുത്തണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. എയിംസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതു ആശങ്കയുയര്‍ത്തി. നിലവില്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളില്‍ മൂന്നാമതാണ് ഡല്‍ഹി.

23,000ത്തിലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ 1200 കേസുകളാണ് പ്രതിദിനം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: 480 people include Doctor and Nurse infected Covid in Delhi AIIMS