ദില്ലിയിൽ കൊവിഡ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം

delhi woman alleges COVID Positive father died after treatment delay

ദില്ലിയിൽ കൊവിഡ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. സൌത്ത് ദില്ലി ഗ്രേറ്റർ കൈലാസ് സ്വദേശിയായ 68 കാരൻ മരിച്ച സംഭവത്തിൽ മകൾ അമർ പ്രീത് എന്ന യുവതിയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 8.05 ന് ആശുപത്രിയിൽ എത്തിയെന്നും സഹായിക്കണമെന്നും ആദ്യം പോസ്റ്റിലൂടെ ആവശ്യപെട്ടിരുന്നു. എന്നാൽ 9.08 ന് ഇട്ട രണ്ടാമത്തെ പോസ്റ്റിലൂടെ അച്ഛൻ മരണപെട്ടുവെന്നും, പിതാവിനെ രക്ഷിക്കുന്നതിൽ ദില്ലി സർക്കാർ പരാജയപെട്ടുവെന്നും പറഞ്ഞു.

ദില്ലിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണൻ എന്ന ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ ആരോപണം തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തി. രോഗിക്ക് ചികിത്സ നിഷേധിച്ചിരുന്നില്ലെന്നും ആശുപത്രിയിലെത്തിയപ്പോഴെക്കും രോഗി മരണപെട്ടിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

അതേസമയം കെജ്രിവാൾ സർക്കാരിനെതിരെ ബിജെപി നേതാവ് കപിൽ മിശ്ര രംഗത്തെത്തി. കൊവിഡ് രോഗിയെ സർക്കാർ തിരിഞ്ഞ് നോക്കിയില്ലെന്നും മൂന്നു ദിവസത്തിനുള്ളിൽ 12 കോടി രൂപയാണ് പരസ്യത്തിന് വേണ്ടി മാത്രം കെജ്രിവാൾ ചെലവാക്കിയതെന്നും ഈ സാഹചര്യത്തിലാണ് കൊവിഡ് രോഗിക്ക് ദാരുണാന്ത്യം സംഭവിച്ചതെന്നും കപിൽ മിശ്ര കുറ്റപെടുത്തി.

Content Highlights; delhi woman alleges COVID Positive father died after treatment delay