തെക്കെ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ചെമ്മീനിൽ കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന അഭിപ്രായപെട്ടു. ഇക്വഡോറിലെ മൂന്ന് കമ്പനികളിൽ നിന്നായി ഇറക്കുമതി ചെയ്ത ചെമ്മീൻ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ചെമ്മീൻ നിറച്ച കണ്ടയിനറുകളും പാക്കിങിലും കമ്പനികൾ വേണ്ടത്ര ശുചിത്വം പാലിച്ചിട്ടില്ലെന്നാണ് ചൈനീസ് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്. ഇതോടെ മൂന്ന് കമ്പനികളിൽ നിന്നുള്ള ഇറക്കുമതിയാണ് ചൈന നിർത്തിവെച്ചത്. എന്നാൽ കണ്ടെയിനറുകളിൽ മാത്രമേ വൈറസിൻ്റെ സാന്നിധ്യം കണ്ടത്തിയിട്ടുള്ളുവെന്നും ചെമ്മീനിൽ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഇക്വഡോർ കമ്പനികൾ പറഞ്ഞു.
സംഭവത്തെ ചൈന പെരുപ്പിച്ച് കാണിക്കാൻ ശ്രമിക്കുന്നതാണെന്നും കമ്പനി കുറ്റപെടുത്തി. ജൂലൈ 3 നാണ് ചൈനയിലെത്തിയ ചെമ്മീൻ കണ്ടെയിനറിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഇറക്കുമതി ചെയ്ത ചെമ്മീനുകൾ നശിപ്പിച്ചു കളയുകയായിരുന്നു. ഇറക്കുമതി ചെയ്ത സാധനങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ പരിശോധനകൾ കൂടുതൽ കര്ശനമാക്കി. ബീജിങിലെ മത്സ്യമാർക്കറ്റിൽ നിന്നും മത്സ്യം മുറിച്ചു നൽകുന്ന പലകയിൽ കൊറോണ സാന്നിധ്യം കണ്ടെത്തുകയും അവിടെയുള്ള തൊഴിലാളികൾക്ക് കൊവിഡ് ബാധിക്കുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യവസ്തുക്കളിൽ ചൈന കൊവിഡ് പരിശോധന നടത്താൻ ആരംഭിച്ചത്.
ഇറക്കുമതി ചെയ്ത സാൽമൺ മത്സ്യത്തിൽ നിന്നാവാം ചൈനയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതെന്നായിരുന്നു അധികൃതർ വ്യക്തമാക്കിയത്. ഇതേ തുടർന്ന് കൊവിഡ് ബാധിതരായ തൊഴിലാളികളുള്ള കമ്പനികളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും ചൈന നിർത്തി വെക്കുകയും ചെയ്തിരുന്നു. എന്നാൽ ഭക്ഷ്യ വസ്തുക്കളിൽ നിന്നും കൊറോണ പകരുന്നതിന് തെളിവില്ലെന്നാണ് അമേരിക്കയുടെ ഭക്ഷ്യവിഭാഗം പറയുന്നത്. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി, വൈറസ് ബാധ ഒഴിവാക്കാനാണ് ഇത്തരം പരിശോധനകളെന്നും ചൈന വ്യക്തമാക്കി. 23 പ്ലാൻ്റുകളിൽ നിന്നുള്ള ഇറക്കുമതിയാണ് ചൈന നിർത്തി വെച്ചിട്ടുള്ളത്.
Content Highlights; China suspends imports of Ecuador shrimp on coronavirus risk