ശ്രീപത്മനാഭ സ്വാമി ക്ഷേത്ര നടത്തിപ്പ് അവകാശം രാജകുടുംബത്തിനെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പവകാശം തിരുവിതാംകൂര്‍ രാജകുടുംബത്തിനെന്ന് വിധി പ്രസ്താവിച്ച് സുപ്രീംകോടതി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. വിധിയില്‍ സന്തോഷമുണ്ടെന്ന് രാജകുടുംബം പ്രതികരിച്ചു. അതോടൊപ്പം തന്നെ തുടര്‍ന്നൊരു റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു.

സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ക്ഷേത്രഭരണവും പരിപാലനവും സംബന്ധിച്ച തര്‍ക്കം കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സുപ്രീം കോടതിയില്‍ നിലനില്‍ക്കുകയായിരുന്നു. കേസില്‍ 2019 ഏപ്രില്‍ 10ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.

തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്രഭരണ കാര്യത്തില്‍ അവകാശമില്ലെന്നും ഇതിനായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ട്രസ്റ്റ് രൂപീകരിക്കണമെന്നും 2011ല്‍ കേരള ഹൈക്കോടതി വിധി പറഞ്ഞിരുന്നു.ഈ വിധിന്യായത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്നത്തെ വിധി. നിലവില്‍, സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കീഴിലാണ് ക്ഷേത്രഭരണം.

അതേസമയം, ക്ഷേത്രഭരണ മേല്‍നോട്ടത്തിനായി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കീഴിലുള്ള താല്‍കാലിക സമിതി രൂപീകരിക്കാന്‍ കോടതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണ സമിതിക്ക് തീരുമാനമെടുക്കാം.

Content Highlight: Supreme Court Verdict on Sree Padmanabhaswamy Temple