സ്വർണക്കടത്ത് കേസ്; മൂന്നാം പ്രതി ഫെെസൽ ഫരീദ് ദുബായിൽ അറസ്റ്റിൽ

Faisal Fareed in gold smuggling case arrested in Dubai

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസൽ ഫരീദ് ദുബായിൽ അറസ്റ്റിലായി. മൂന്ന് ദിവസം മുമ്പാണ് ദുബായ് റഷീദിയ പൊലീസ് ഫെെസലിനെ അറസ്റ്റ് ചെയ്തത്. ഫരീദിനെ ഇന്ത്യക്ക് കെെമാറണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം നീക്കം തുടങ്ങിയെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഫെെസൽ അറസ്റ്റിലായ വാർത്തകൾ പുറത്തുവരുന്നത്. 

ഫെസലിനെ ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്തെന്നാണ് വിവരം. ഫെെസലിൻ്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യുഎഇ വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കേസിൻ്റെ ഭാഗമായി ഫൈസൽ ഫരീദിൻ്റെ ദുബായിലെ മുൻ ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കുമെന്നാണ് വിവരം. ദുബായ് സർക്കാരിൻ്റെ സീൽ  വ്യാജമായി നിർമ്മിച്ചെന്ന ആരോപണം ഉൾപ്പടെ ഫെെസലിനെതിരെ ഉണ്ട്. വ്യാജ സീൽ നിർമ്മാണം രാജ്യദ്രോഹക്കുറ്റമായാണ് പരിഗണിക്കുക.

നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിൻ്റെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നുവെങ്കിലും പ്രചാരണങ്ങൾക്കെതിരെ ഫെെസൽ രംഗത്തു വന്നിരുന്നു. കേസുമായി ബന്ധമില്ലെന്നും പ്രചരിക്കുന്ന ചിത്രങ്ങൾ തൻ്റേതല്ലെന്നും ഫെെസൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ഫെെസൽ കേസിലെ പ്രതിയാണെന്ന് എൻ.ഐ.എ സ്ഥിരീകരിച്ചത്. 

content highlights: Faisal Fareed in gold smuggling case arrested in Dubai