30 സെക്കൻ്റിൽ കൊവിഡ് രോ​ഗനിർണയം സാധ്യമാക്കാൻ പുതിയ ദ്രുത പരിശോധന കിറ്റ് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യയും ഇസ്രായേലും

India and Israel join hands to develop rapid testing for Covid-19 in under 30 seconds

30 സെക്കന്റ് കൊണ്ട് കോവിഡ് രോ​ഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയുള്ള അതിവേഗ ടെസ്റ്റ് ആണ് ലക്ഷ്യം. ഇതിനായി ഇസ്രായേൽ പ്രതിരോധ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ​ഗ്ധരുടെയും സംഘം അടുത്ത ആഴ്ചയോടെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ചേർന്നാണ് പരീക്ഷണം നടത്തുന്നത്. പരീക്ഷണം വിജയിച്ചാൽ ഇന്ത്യയിൽ വൻതോതിൽ ഉത്പാദിപ്പിച്ച് ഇന്ത്യയും ഇസ്രായേലും ചേർന്ന് ആഗോള തലത്തിൽ വിതരണം ചെയ്യും.

രണ്ടാഴ്ച ഗവേഷണം നടത്താനാണ് തീരുമാനം. ഇന്ത്യയിൽ വോയ്സ് ടെസ്റ്റ്, ബ്രെത്തലൈസർ ടെസ്റ്റ്, ഐസോതെർമൽ ടെസ്റ്റ് തുടങ്ങിയവയാണ് നടത്തുകയെന്ന് ഇസ്രായേൽ പ്രതിരോധ ​ഗവേഷണ വിഭാ​ഗം തലവൻ ഡാനി ​ഗോൾഡ് പറഞ്ഞു. കൊവിഡിനെ നേരിടാൻ ഇസ്രായേൽ സാങ്കേതിക വിദ്യയും ഇന്ത്യയുടെ ഉത്പാദന ശേഷിയും ഉപയോ​ഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി

കൊവിഡ് ലക്ഷണമുള്ളവരുടെ ശബ്ദം റെക്കോർഡ് ചെയ്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ വിശകലനം ചെയ്യുന്നതാണ് വോയ്സ് ടെസ്റ്റ്. ഉമിനീരിൽ നിന്നും വൈറസ് സാന്നിധ്യം തിരിച്ചറിയാനാണ് ഐസോതെർമൽ ടെസ്റ്റ് നടത്തുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ രീതിയാണിത്. സാമ്പിൾ 60 ഡി​ഗ്രി സെൽഷ്യസിൽ ചൂടാക്കിയാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. പ്രത്യേക കിറ്റിലേക്ക് ഊതിപ്പിച്ച് ടെറാ ഹെർട്സ് തരം​ഗങ്ങളുടെ സഹായത്തോടെ കൊറോണ വൈറസിനെ കണ്ടെത്തുന്നതാണ് ബ്രെത്തലൈസർ ടെസ്റ്റ്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹും മോദിയുമായി മൂന്ന് തവണ ചർച്ച നടത്തിയെന്നും മഹാമാരിയെ നേരിടുന്ന കാര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായും ഇസ്രായേൽ എംബസി അറിയിച്ചു.

Content Highlights; India and Israel join hands to develop rapid testing for Covid-19 in under 30 seconds