പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് ഇന്ന് കൊവിഡ് മൂലം ഒരാള്‍ മരിച്ചു. മരിച്ചത് കൊല്ലങ്കോട് സ്വദേശിനി അഞ്ജലിയാണ്. 40 വയസായിരുന്നു. പ്രമേഹ രോഗിയാണ്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.
പുലര്‍ച്ചെയാണ് മരണമെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയില്‍ പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എത്തിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ബോധരഹിതയായിരുന്നു ഇവര്‍. ഐസിയുവിലായിരുന്നു ചികിത്സ തുടര്‍ന്നിരുന്നത്. ഇതോടെ ജില്ലയിലെ കൊവിഡ് മരണം രണ്ടായി. കടുത്ത പ്രമേഹമാണ് മരണകാരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കൊവിഡ് പ്രാട്ടോക്കോള് പാലിച്ചായിരിക്കും ശവസംസ്ക്കാരം. കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസയും ഇന്ന് മരിച്ചിരുന്നു.
അതേസമയം, അപകടത്തില്‍പ്പെട്ട് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഐ സി.യുവില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ട വിളയാങ്കോട് വാവാട്ടുതടത്തില്‍ അമല്‍ ജോ അജി(19) യുടെ പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് നടത്തിയ ശ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 19 ന് ദേശീയപാതയില്‍ എടാട്ട് വെച്ചായിരുന്നു അപകടം. ബൈക്കിന്റെ പിറകിലിരുന്ന് യാത്രചെയ്യവേയാണ് തെറിച്ചു വീണ് അമല്‍ അപകടത്തില്‍ പെട്ടത്. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ പുലര്‍ച്ചയായിരുന്നു മരണം. ഐ സി യു വില്‍ വെച്ചായിരിക്കാം അമലിന് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു.
Content Highlight: New covid Death reported from Palakkadu