ലോകം കണ്ട ഏറ്റവും അപകടകാരിയായ വെെറസ് ബാധയായിരുന്നു വസൂരി. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ ഇടയായ ഈ വെെറസിൻ്റെ ഉത്ഭവത്തെ പറ്റി വ്യക്തമായ തെളിവുകൾ ഇതുവരെ ശാസ്ത്ര ലോകത്തിന് കണ്ടെത്താനായിട്ടില്ല. പകർച്ചവ്യാധികളെപറ്റിയുള്ള പഠനങ്ങളിൽ വസൂരി ഇപ്പോഴും പ്രധാന പഠന വിഷയമാണ്. ഉത്ഭവം വ്യക്തമല്ലെങ്കിലും ലോകത്ത് വാക്സിനേഷൻ വഴി ഉത്മൂലനം ചെയ്ത ഒരേയൊരു രോഗമാണ് വസൂരി. 1980 ഓടെയാണ് വസൂരിയുടെ വൈറസിനെ ലോകത്തുനിന്ന് പൂര്‍ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്തത്. ദശലക്ഷകണക്കിന് ആളുകളാണ് 20-ാം നൂറ്റാണ്ടില്‍ മാത്രം വസൂരി ബാധിച്ച് മരിച്ചത്.
വളരെ പെട്ടെന്ന് തന്നെ ആളുകളിലേക്ക് പടർന്നു പിടിക്കുകയും അനേകം ആളുകളെ കൊന്നൊടുക്കുകയും രക്ഷപ്പെടുന്ന പലർക്കും എന്നെന്നേക്കുമായി അന്ധതയും വൈരൂപ്യവും ഉണ്ടാക്കിയിരുന്ന വസൂരി വെെറസിനെ ആദ്യമായി കണ്ടെത്തിയത് 17ാം നൂറ്റാണ്ടിലായിരുന്നു. അന്ന് ലിത്വാനിയിലെ ഒരു കുട്ടിയുടെ ശരീരാവശിഷ്ടങ്ങളിൽ നിന്നാണ് വെെറസിനെ കണ്ടെത്തുന്നത്. അതിൻ്റെ അടിസ്ഥാനത്തിൽ വസൂരി വെെറസ് മനുഷ്യനെ ബാധിച്ചത് അന്നുമുതലാണെന്ന് കരുതിയിരുന്നു. എന്നാൽ അന്താരാഷ്ട്ര ഗവേഷണ സംഘങ്ങൾ നടത്തിയ പുതിയ പഠനത്തിൽ വസൂരി രോഗത്തിൻ്റെ ഉത്ഭവത്തെപറ്റി ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ലഭിച്ചത്. വെെക്കിംങ് ( Viking Age) കാലഘട്ടത്തിൽ വടക്കൻ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഫോസിലുകളിൽ നടത്തിയ പഠനത്തിൽ വസൂരി വെെറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. 793 മുതൽ 1066 വരെയുള്ള കാലഘട്ടത്തെയാണ് വെെക്കിംങ് കാലം എന്ന് വിളിക്കുന്നത്. അതായത് ഏതാണ്ട് 1000 വർഷങ്ങൾക്ക് മുമ്പ് വസൂരി ഉണ്ടായിരുന്നുവെന്ന നിർണായക വിവരമാണ് ഗവേഷകർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
പഠനം പറയുന്നത്
31, 630, 150 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലും യുറേഷ്യയിലും താമസിച്ചിരുന്ന 1867 ആളുകളുടെ ശരീരാവശിഷ്ടങ്ങളിലാണ് പഠനം നടത്തിയത്. ഇതിൽ വെെക്കിംങ് കാലഘട്ടത്തിൽ വടക്കൻ യൂറോപ്പിൽ ജീവിച്ചിരുന്ന 13 പേരുടെ ശരീരാവശിഷ്ടങ്ങളിൽ വെെറസിൻ്റെ അംശം കണ്ടെത്തി. 1700 വർഷങ്ങൾക്ക് മുമ്പ് റോമൻ സാമ്രാജ്യം അവസാനിച്ച കാലഘട്ടത്തിൽ യുറേഷ്യയിലേക്ക് കുടിയേറിയ ആളുകളിലും വെെറസ് സാന്നിധ്യം ഉണ്ടായിരുന്നതായി പഠനം വ്യക്തമാക്കുന്നുണ്ട്. ഇതേ വെെറസ് സാന്നിധ്യം ആറാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും യുറോപ്പിൽ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോൾ കണ്ടെത്തിയ 11 പേരിലെ വെെറസ് ജനിതക ഘടന, 1979ൽ കണ്ടെത്തിയ വെെറസ് ജനിതക ഘടനയിൽ നിന്നും വ്യത്യസ്തമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇപ്പോൾ കണ്ടെത്തിയ വെെറസ് മുമ്പ് അറിയപ്പെടാത്തതും ഇപ്പോൾ വംശനാശം സംഭവിച്ചതുമായ വെെറസ് ഗ്രൂപ്പിൽ പെടുന്നതാണ്. ആധുനിക കാലത്ത് (1979) വസൂരി രോഗത്തിന് കാരണക്കാരായ വൈറസുകളുടെ പൂര്‍വികരായി പോലും ആയിരം വര്‍ഷം മുമ്പ് കണ്ടെത്തിയ വൈറസുകളെ കണക്കാക്കാന്‍ കഴിയില്ലെന്നാണ് ശാസ്ത്രകാരന്മാര് പറയുന്നത്
പിന്നീട് വർഷങ്ങളായുള്ള പരിണാമത്തിലൂടെ വെെറസുകളിലെ ആക്ടീവ് ആയ ജീനുകളുടെ എണ്ണം കുറഞ്ഞു വരികയാണ് ഉണ്ടായതെന്ന് ഗവേഷകർ പറയുന്നു. ഇതാണ് ഗവേഷകരെ വസൂരിയെക്കുറിച്ച് കൂടുതൽ പഠനവിധേയമാക്കാൻ നിർബന്ധിതരാക്കിയത്. കാരണം ജീനുകൾ കുറവുള്ള വെെറസുകളാണ് കൂടുതൽ അപകടകാരികൾ. എന്നാൽ പുതുതായി കണ്ടെത്തിയ വെെക്കിംങ് വെെറസ് അപകടകാരികളായിരുന്നു എന്നുള്ളതിൻ്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
പുതിയ ഗവേഷണം മുന്നോട്ട് വയ്ക്കുന്നത്
ഇപ്പോഴത്തെ കൊറോണ വ്യാപനവുമായും കൊറോണ വെെറസുമായും, പുതുതായി കണ്ടെത്തിയ വസൂരി വെെറസിന് ബന്ധമൊന്നുമില്ലെങ്കിലും കാലക്രമേണ വെെറസുകൾ കൂടുതൽ അപകടകാരികൾ ആവുമെന്ന വസ്തുതയിലേക്കാാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 1000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യ ശരീരത്തിൽ ഒട്ടും അപകടകാരിയല്ലാതെ നിലനിന്നിരുന്ന വെെറസ് ആണ് പിന്നീട് വർഷങ്ങൾക്ക് ശേഷം കോടിക്കണക്കിന് ആളുകളെ മരണത്തിന് ഇടയാക്കിയത്. അതുപോലെ ഇന്ത്യയിലും ചൈനയിലുമടക്കം ഈ വൈറസുകള്‍ 1000-1500 വര്‍ഷം മുമ്പ് ഉണ്ടായിരുന്നുവെന്ന് വേണം അനുമാനിക്കാനെന്ന് ഗവേഷകർ പറയുന്നു. ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ പ്ലേഗിനും ഹെപ്പറ്റെെറ്റിസ് ബിയ്ക്കുമൊക്കെ ശേഷമാണ് വസൂരി എന്ന പകർച്ചവ്യാധി ഉണ്ടാവുന്നത്. ചരിത്രാതീത കാലത്തെ കുടിയേറ്റവുമായി ബന്ധപ്പെട്ടാണ് പ്ലേഗ്, ഹെപ്പറ്റെെറ്റിസ് ബി എന്നി രോഗങ്ങൾ ഉണ്ടായതെങ്കിൽ പുതുതായി കണ്ടെത്തിയ വസൂരി വെെറസ് ഡിഎൻഎയും കുടിയേറ്റവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന സൂചന നൽകുന്നുണ്ട്. ആളുകൾ കുടിയേറിയതിലൂടെ ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് രോഗങ്ങൾ പടരുന്നതാണോ അതോ പകർച്ചവ്യാധി രോഗങ്ങൾക്കൊണ്ട് ആളുകൾ മറ്റൊരു സ്ഥലത്തേക്ക് കുടിയേറുകയായിരുന്നോ എന്നതാണ് ഇനി ശാസ്ത്രലോകം കണ്ടെത്തേണ്ടത്.
content highlights: Viking Age Smallpox Complicates Story of Viral Evolution