വീഡിയോ കോളിങ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഡ്യുവോയെ മീറ്റുമായി ലയിപ്പിക്കാനൊരുങ്ങി ഗൂഗിൾ

Google to merge video-calling apps Duo and Meet: Report

വീഡിയോ കോളിങ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഡ്യുവോയെ മീറ്റുമായി ലയിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഈ വർഷം ചുമതലയേറ്റ ജിസ്യൂട്ട് മേധാവി ജാവിയർ സോള്‌ടേറോയുടേതാണ് ഈ തീരുമാനം. രണ്ട് ആപ്പുകളേയും ലയിപ്പിക്കാനുള്ള നടപടിക്ക് ‘ഡ്യുവറ്റ്’എന്ന് കോഡ് നാമം നല്‍കിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ സൂമിന് ശക്തനായ ഒരു എതിരാളിയാണ് ഗൂഗിൾ മീറ്റ്. വർക്ക് ഫ്രം ഹോം വർധിച്ചതും വലിയൊരു വിഭാഗം സ്ഥാപനങ്ങളും ജിസ്യൂട്ട് ഉപയോക്താക്കളാണെന്നതും സൂമിന് വെല്ലുവിളിയാവുന്നുണ്ട്.

ലോക്ക്ഡൌൺ കാലത്ത് ഗൂഗിൾ ഡ്യുവോയുടെ ഉപയോഗത്തിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. മേയിൽ ആകെ 300 കോടി മിനിറ്റ് നേരം ഡ്യുവോ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രതിദിനം 30 ലക്ഷം മിനിറ്റുകള്‍ക്കടുത്ത് ഉപയോഗമുണ്ടെന്നുമാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. നേരത്തെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെ മാത്രമാണ് ഡ്യുവോ വഴി വീഡിയോ കോള്‍ ചെയ്യാന്‍ സാധിച്ചിരുന്നത് എങ്കില്‍ അടുത്തിടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് ആളുകളെ വിളിക്കാനുള്ള സൌകര്യം കൂടി ഡ്യുവോ അവതരിപ്പിച്ചിരുന്നു.

കൂടാതെ ഏപ്രിലിലെ അപ്ഡേറ്റിലൂടെ ഡ്യുവോ വീഡിയോ ഗുണമേന്മ മെച്ചപെടുത്തുകയും ഒരേ സമയം 32 പേരോട് വരെ സംസാരിക്കാനുള്ള സൌകര്യം ഒരുക്കുകയും ലിങ്ക് വഴി ആളുകളെ വീഡിയോ ചാറ്റിലേക്ക് ക്ഷണിക്കാനും ഡ്യുവോയിൽ സാധിച്ചിരുന്നു. അതേസമയം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ജിസ്യൂട്ടിന്റെ ഭാഗമായാണ് ഗൂഗിള്‍ മീറ്റ് പ്രവര്‍ത്തിച്ചിരുന്നത്. സെപ്റ്റംബര്‍ 30 വരെ മീറ്റ് സൗജന്യമാക്കുകയും ജിമെയില്‍ ആപ്പുമായി ബന്ധിപ്പിക്കുകയും ചെയ്തത് മീറ്റിന്റെ പ്രചാരം വര്‍ധിപ്പിച്ചിരുന്നു. എന്തായാലും ഡ്യുവോയേയും മീറ്റിനേയും ലയിപ്പിക്കാനുള്ള ശ്രമം അതിവേഗം ഉണ്ടാവില്ലെന്നാണ് വിവരം.

Content Highlights; Google to merge video-calling apps Duo and Meet: Report