കൊവിഡ് വാക്സിൻ വികസിപ്പിച്ച റഷ്യയെ അഭിനന്ദിച്ചും ബിജെപി സർക്കാരിനെ പരിഹസിച്ചും ശിവസേന രംഗത്ത്. കൊവിഡ് ഭേദമാക്കാൻ അടിസ്ഥാന രഹിതമായ മാർഗങ്ങൾ നിർദേശിച്ച ബിജെപി മന്ത്രിമാരെ രൂക്ഷമായി വിമർശിച്ചാണ് ശിവസേനയുടെ പരിഹാസം. ഇന്ത്യയിൽ കൊവിഡ് ഭേദമാകാൻ ഭാഭിജി പപ്പടം കഴിക്കാനാണ് മന്ത്രിമാർ പറയുന്നതെന്ന് ശിവസേന എംപി സജ്ഞയ് റാവത്ത് വിമർശിച്ചു. ഇന്ത്യയ്ക്കാവശ്യം റഷ്യയിലേതു പോലെ ശക്തമായ ഭരണകൂടമാണെന്നും ശിവസേന മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിൽ സജ്ഞയ് റാവത്ത് അഭിപ്രായപെട്ടു.
ലോകത്ത് ആദ്യമായി റഷ്യ കൊവിഡ് വാക്സിൻ വികസിപ്പിച്ചിരിക്കുകയാണ്. അമേരിക്ക ഉൾപെടെയുള്ള രാജ്യങ്ങൾ റഷ്യയുടെ വാക്സിനെ അംഗീകരിക്കുന്നില്ലെന്നും അമേരിക്കയാണ് ഈ വാക്സിൻ വികസിപ്പിച്ചിരുന്നത് എങ്കിൽ ലോകാരോഗ്യ സംഘടന ഇത്തരത്തിൽ സംശയം പ്രകടിപ്പിക്കുമായിരുന്നൊ എന്നും സജ്ഞയ് റാവത്ത് ചോദിച്ചു. ഇന്ത്യയാണ് ഈ വാക്സിൻ വികസിപ്പിച്ചിരുന്നത് എങ്കിൽ നമ്മൾ കൂടുതൽ സ്വാശ്രയരാവുമായിരുന്നുവെന്നും അദ്ധേഹം അഭിപ്രായപെട്ടു.
ബിജെപി നേതാക്കളിൽ പലരും കൊവിഡ് സ്ഥിരീകരിച്ചിട്ടും അശാസ്ത്രീയമായ സമീപനം തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു. ആയുഷ് മന്ത്രി ശ്രീപദി നായിക് പല ആയുർവേദ മരുന്നുകളും കൊവിഡ് പ്രതിരോധത്തിനായി നിർദേശിച്ചുവെങ്കിലും അദ്ദേഹം കൊവിഡ് ബാധിതനായി. കേന്ദ്രമന്ത്രി അർജുൻ മേഘ്വാൾ കൊവിഡിനെ അകറ്റി നിർത്താൻ ഭാഭിജി പപ്പടം കഴിക്കാൻ നിർദേശിച്ചിരുന്നു. അദ്ദേഹത്തിനും കൊവിഡ് പോസിറ്റീവായി. സ്വകാര്യ ആശുപത്രിയാണ് അദ്ദേഹത്തിൻ്റെ ചികിത്സ. കൊവിഡ് മഹാമാരി തുറന്ന് കാത്തിയത് പല മന്ത്രിമാരുടേയും ഇത്തരത്തിലുള്ള വർഷങ്ങളായുള്ള അശാസ്ത്രീയ സമീപനങ്ങളെയാണെന്നും സജ്ഞയ് റാവത്ത് വിമർശിച്ചു.
Content Highlights;shiva sena has praised russia for finding covid vaccine while criticizing bjp leadership