അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടി വെയ്ക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് ഹർജി തള്ളിയത്. സെപ്റ്റംബറിലാണ് നീറ്റ് ജെഇഇ പ്രവേശന പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഇത് നീട്ടണമെന്ന് ആവശ്യപ്പെട്ട് 11 വിദ്യാർത്ഥികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. എന്നാൽ നീണ്ട കാലത്തേക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സുപ്രീംകോടതി വിദ്യാർത്ഥികളുടെ ഹർജി തള്ളിയത്.
എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറു വരെ നടക്കുമെന്ന് കേന്ദ്ര മന്ത്രി രമേഷ് പ്രൊഖ്രിയാൽ അറിയിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത സുപ്രിം കോടതിയെ അറിയിച്ചു. കൊവിഡ് കാലത്ത് എല്ലാം അടച്ചിടാൻ സാധിക്കില്ല. ജീവിതം മുന്നോട്ടു പോകേണ്ടതുണ്ട്. എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് കൊണ്ട് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ഒരു വർഷം മുഴുവൻ കളയാൻ തയ്യാറാണൊ എന്ന് വിദ്യാർത്ഥികളോട് അരുൺ മിശ്ര ചോദിച്ചു.
Content Highlights; NEET and JEE Main 2020: Supreme Court dismisses pleas seeking postponement of exams