പ്രട്ടോക്കോള്‍ ലംഘനം: കോണ്‍സുലേറ്റുമായി അടുത്ത ബന്ധം; വലയിലായി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ യുഎഇ കോണ്‍സുലേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി ജലീലിനെ വലയിലാക്കാന്‍ അന്വേഷണ സംഘം. നിയമലംഘനം നടത്തിയതുള്‍പ്പെടെ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ലംഘനവും ജലീലിനെ കുരുക്കും. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പാഴ്‌സല്‍ എത്തിയതായി കണ്ടെത്തിയതാണ് ജലീലിന് വിനയായത്. ഇത് നയതന്ത്ര ബാഗേജ് ആയാണ് എത്തിയതെന്നാണ് ജലീല്‍ നല്‍കിയ വിശദീകരണം. എന്നാല്‍, രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി സുനില്‍ കുമാര്‍ മറുപടി നല്‍കിയതോടെ മന്ത്രി പ്രതികൂട്ടിലാകുകയായിരുന്നു.

സംസ്ഥാനത്ത് വരുന്ന നയതന്ത്ര ബാഗുകള്‍ക്ക് അനുമതി നല്‍കുന്നത് പ്രോട്ടോക്കോള്‍ ഓഫീസറാണ്. ഇദ്ദേഹത്തിന്റെ സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമേ പാഴ്‌സല്‍ വിട്ടു നല്‍കാന്‍ അനുമതിയുള്ളൂ. ഇതു സംബന്ധിച്ച് എന്‍ ഐ എക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി കെ.ടി. ജലീല്‍ പല കാര്യങ്ങള്‍ക്കും ബന്ധപ്പെട്ടതു പ്രോട്ടോകോള്‍ ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. മന്ത്രിമാര്‍ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ലംഘിച്ച ജലീല്‍ 2018നുശേഷം നിരവധി സ്വകാര്യ സന്ദര്‍ശനങ്ങള്‍ യുഎഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ചട്ടലംഘനം സംബന്ധിച്ച കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടതു വിദേശകാര്യ മന്ത്രാലയമാണ്.

സര്‍ക്കാര്‍ വാഹനത്തില്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തു എന്ന കുറ്റവും ജലീലിന് മേല്‍ നിലവിലുണ്ട്. കോണ്‍സുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ അടുത്ത ദിവസങ്ങളില്‍ ജലീലിന്റെ മൊഴി രേഖപ്പെടുത്താനാണ് സാധ്യത.

Content Highlight: NIA will investigate KT Jaleel’s relation with UAE Consulate