കൊവിഡ് ദുരിതാശ്വാസത്തിനായി പ്രത്യേകം രൂപീകരിച്ച പിം എം കെയർസ് ഫണ്ടിലേക്ക് ലഭിക്കുന്ന പണം എൻഡിആർഎഫിന് നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെൻ്റർ ഫോർ പബ്ലിക്ക് ഇൻ്ററസ്റ്റ് ലിറ്റിഗേഷൻ എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈക്കാര്യം പറഞ്ഞത്. പി എം കെയർസ് ഫണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യാൻ കോടതിയ്ക്ക് ഉത്തരവിടാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
പി എം കെയർസ് ഫണ്ടിലേക്ക് വരുന്ന പണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ലെന്നും ആ പണം എൻഡിആർഎഫിന് ട്രാൻസ്ഫർ ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പി എം കെയർസ് ഫണ്ട് ഓഡിറ്റിംഗിന് വിധേയമാക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്.
കൊവിഡ് ദുരിതാശ്വാസ നിധിക്കായി മാർച്ചിലാണ് പി എം കെയർസിന് രൂപം നൽകുന്നത്. പ്രധാനമന്ത്രി ചെയർപേഴ്സണായും മന്ത്രിമാർ ട്രസ്റ്റികളുമായുള്ള സ്വകാര്യ ട്രസ്റ്റാണിത്. നിലവിൽ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി ഉണ്ടായിട്ടും ഇത്തരമൊരു ഫണ്ട് രൂപികരിച്ചതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
content highlights: PM Cares funds need not be transferred to NDRF, says SC as it dismisses plea