ദയ ചോദിക്കുന്നില്ല, ഏത് ശിക്ഷയും സ്വീകരിക്കും; പ്രശാന്ത് ഭൂഷൻ

‘I Do Not Ask for Mercy, I Cheerfully Submit to Any Penalty,’ Prashant Bhushan Tells SC

കോടതിയലക്ഷ്യ കേസിൽ ദയയുണ്ടാകണമെന്ന് യാചിക്കില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ പറഞ്ഞു. കോടതി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. ‘ഉറച്ച ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യറിയെ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. തൻ്റെ കർത്തവ്യമെന്ന് വിശ്വസിക്കാവുന്ന ചില കാര്യങ്ങൾ ചെയ്യാനുള്ള എളിയ ശ്രമമാണ് ട്വീറ്റുകളിലൂടെ നടത്തിയത്. അതുകൊണ്ട് അത് പിൻവലിക്കുകയോ ക്ഷമാപണം നടത്തുകയോ ചെയ്യില്ല. ശിക്ഷിക്കപ്പെടും എന്നതിലല്ല താൻ വേദനിക്കുന്നത്. അതിയായി തെറ്റിദ്ധരിക്കപ്പെട്ടതിലാണ്’. പ്രശാന്ത് ഭൂഷൺ മുൻകൂട്ടി തയ്യാറാക്കിയ പ്രസ്താവന കോടതിയിൽ വാദിച്ചു. കോടതിയിൽ വാദം തുടരുകയാണ്

പുനഃപരിശോധനാ ഹർജി നൽകാൻ സമയം നൽകണമെന്നും കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവെയ്ക്കണമെന്നും പ്രശാന്ത് ഭൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ ആവശ്യം കോടതി തള്ളി. കേസിലെ അന്തിമ വിധിക്ക് ശേഷവും പുനഃപരിശോധന ഹർജി നൽകാനുള്ള അവകാശം പ്രശാന്ത് ഭൂഷണ് ഉണ്ടെന്നും അതുകൊണ്ട് ഈ കേസിലെ അന്തിമ വിധി വന്നതിന് ശേഷം പുനഃപരിശോധനാ ഹർജി നൽകാവുന്നതാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എല്ലാത്തിനും ലക്ഷ്മണ രേഖയുണ്ടെന്നും പ്രശാന്ത് ഭൂഷൺ അത് ലംഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. 

പ്രശാന്ത് ഭൂഷൺ നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ആഗസ്റ്റ് 14ന് സുപ്രീം കോടതി വിധിച്ചിരുന്നു. ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമർശിച്ചെന്നാരോപിച്ചായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. 

content highlights: ‘I Do Not Ask for Mercy, I Cheerfully Submit to Any Penalty,’ Prashant Bhushan Tells SC