പെട്ടിമുടി തിരച്ചിലിന് ഭീക്ഷണിയായി കടുവയുടെ സാന്നിധ്യം; വനപാലകര്‍ കാവല്‍

മൂന്നാര്‍: ഇടുക്കി പെട്ടിമുടിയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടി ലയങ്ങള്‍ ഒഴുകി പോയിടത്ത് തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ പുതിയ വെല്ലുവിളി. പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതാണ് തിരച്ചിലില്‍ സംഘത്തെ ഭീതിയിലാക്കിയിരിക്കുന്നത്. ഇനിയും അഞ്ചോളം പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെടുക്കാനുള്ളത്.

തിരച്ചില്‍ നടത്തുന്ന പ്രദേശത്തിന് ഏതാണ്ട് 4-5 കിലോമീറ്ററുകളപ്പുറമാണ് കടുവയെ കണ്ടത്. വനപാലകരെ വിവരമറിയച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഇവര്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദേവികുളം സബ് കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ പറഞ്ഞു. ഒരു പ്രദേശത്ത് പുലിയിറങ്ങിയാല്‍ കുറച്ച് ദിവസം പ്രദേശത്ത് തങ്ങിയ ശേഷമേ കടുവ തിരിച്ച് കാട്ടിലേക്ക് മടങ്ങൂ എന്നാണ് വനപാലകര്‍ നല്‍കുന്ന നിര്‍ദ്ദേശം.

കടുവയുടെ സാന്നിധ്യം കൂടി കണ്ടതോടെ തിരച്ചില്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മൃതദേഹങ്ങള്‍ ഒഴുകി പോയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പുഴ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ തിരച്ചില്‍. അവസാന മൃതദേഹം കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരാനായിരുന്നു ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ എന്ത് ചെയ്യണമെന്ന തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം ഇതേവരെ എത്തിച്ചേര്‍ന്നിട്ടില്ല.

Content Highlight: Sighting of tiger alarms rescue workers near Kerala landslide site