കോടതിയലക്ഷ്യക്കേസിൽ മാപ്പെഴുതി നൽകാൻ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. രേഖാമൂലം മാപ്പെഴുതി നൽകുകയാണെങ്കിൽ കേസ് നാളെ പരിഗണിക്കാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. എന്നാൽ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് പ്രശാന്ത് ഭൂഷൺ.
പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാലും നിലപാട് അറിയിച്ചിരുന്നു. വിഷയം ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫും ആവശ്യപ്പെട്ടിരുന്നു.
പ്രശാന്ത് ഭൂഷണ് എതിരെയുള്ള കോടതിയലക്ഷ്യ കേസ് രാജ്യത്ത് വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ശിക്ഷ നടപടികൾ പാടില്ലെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്. അതേസമയം ജസ്റ്റിസ് അരുൺ മിശ്ര വിരമിക്കാൻ ഇനി ഒൻപത് ദിവസം മാത്രമാണ് ബാക്കിയുള്ളത്. പ്രശാന്ത് ഭൂഷൺ മാപ്പ് എഴുതി നൽകാത്തപക്ഷം ശിക്ഷാ നടപടി ഉടൻ ഉണ്ടായേക്കാനാണ് സാധ്യത.
content highlights: Time given to Prashant Bhushan by SC to apologize for ends today