പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമയുടെ രണ്ട് മക്കള്‍ പിടിയില്‍; തട്ടിയത് 2000 കോടി

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമയുടെ രണ്ട് മക്കളെ പിടികൂടി. ഡല്‍ഹി വിമാനത്താവളം വഴി കടക്കാന്‍ ശ്രമിച്ച സിഇഒ, ഡയറക്ടര്‍ ബോര്‍ഡ് അംഗ പദവിയിലിരിക്കുന്ന മക്കളെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

കോന്നി വകയാറിലുള്ള ആസ്ഥാനത്ത് ജപ്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് പ്രതിഷേധവുമായി നിക്ഷേപകരും സ്ഥാപനത്തിന് മുന്നില്‍ കൂടിയിരുന്നു. പണം നഷ്ടമായവര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്. നാളെ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്താനാണ് തീരുമാനം.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പ്രവര്‍ത്തനം സ്തംഭിച്ച പോപ്പുലര്‍ ഫിനാന്‍സ്, സബ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും.പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്‌സ്‌പോര്‍ട്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്, മാനേജിങ് പാര്‍ട്‌നര്‍ തോമസ് ഡാനിയേല്‍, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ് എന്നീ പേരിലാണ് പാപ്പര്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി അംഗീകരിച്ചാല്‍ രാജ്യത്തെ നിയമ നടപടികളില്‍ നിന്ന് സ്ഥാപന ഉടമകള്‍ക്ക് സംരക്ഷണം ലഭിക്കും.

Content Highlight: Two under Police custody on Popular Finance Fraud