ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കളിപ്പാട്ടങ്ങൾക്കും വിലക്ക് ഏർപെടുത്താനൊരുങ്ങി കേന്ദ്രം

center to ban import of chinese toys after apps

118 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കളിപ്പാട്ടങ്ങൾക്കും വിലക്കേർപെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. കൂടാതെ ചൈനയുടെ പ്രകേപനത്തിനു പിന്നാലെ പാങ്കോങ് സോ തടാകത്തിന്റെ വടക്കൻ തീരമായ ഫിങ്കർ 4 വരെ ഇന്ത്യ പൂർണ്ണ നിയന്ത്രണത്തിലാക്കി. കിഴക്കൻ ലഡാക്കിൽ കഴിഞ്ഞ മാസം 29 നും 30 നും ഒന്നിലധികം ഇടങ്ങളിൽ ചൈന അതിക്രമിച്ച് കയറിയതോടെയാണ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങൾ ഇന്ത്യ വേഗത്തിലാക്കിയത്.

പാങ്കോങ്സോ തടാകത്തിന്റെ തെക്കൻ തീരത്തെ കുന്നുകളിൽ സൈനിക വിന്യാസം നേരത്തെ പൂർത്തിയായിരുന്നു. നിലവിൽ തടാകത്തിന്റെ വടക്കൻ തീരമായ ഫിംഗർ 4ഉം ഇപ്പോൾ സൈനിക നിയന്ത്രണത്തിലായിരിക്കുകയാണ്. ഫിംഗർ 4നും 8നും ഇടയിൽ ചൈനയ്ക്ക് ആധിപത്യമുണ്ട്. പ്രശ്ന പരിഹാരത്തിനായി ബ്രിഗേഡ് കമാൻഡർതല ചർച്ച 3 ദിവസം പിന്നിട്ടിട്ടും പുരോഗതി ഉണ്ടായിട്ടില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഷാങ്ഹായി സഹകരണ സംഘടനയുടെ സമ്മേളനത്തിന് മോസ്കോയിൽ എത്തിയിരുന്നെങ്കിലും ചൈനീസ് പ്രതിനിധിയുമായി ചർച്ച നടത്താൻ തയ്യാറായില്ല. എന്നാൽ ഇതേ സമ്മേളനത്തിനായി വിദേശ കാര്യമന്ത്രി എസ് ജയശങ്കർ എത്തുമ്പോൾ ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യീയുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന.

അതേ സമയം ഇന്ത്യൻ സൈനിക നീക്കങ്ങളിൽ ചൈന അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് പബ്ജിയടക്കമുള്ള 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനമേർപെടുത്തിയത്. നിരോധിച്ച ആകെ ആപ്പുകളുടെ എണ്ണം ഇതോടെ 224 ആയി. കൂടുതൽ മേഖലയിൽ ചൈനീസ് കമ്പനികളെ നിരോധിക്കാനും ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിർത്താനുമുള്ള ശുപാർശകൾ സർക്കാർ പരിഗണനയിലുണ്ട്. നിയന്ത്രണ രേഖ കടന്നതും സമവായ നീക്കങ്ങൾ ലംഘിച്ചതും ഇന്ത്യയാണെന്നും പ്രകോപനപരമായ നീക്കങ്ങളിൽ നിന്നും പിന്മാറണമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Content Highlights; center to ban import of chinese toys after apps