ഇന്ത്യയുടെ ചൈനീസ് ആപ്പ് നിരോധനത്തിന് പിന്നാലെ ഇന്ത്യന്‍ മാധ്യമങ്ങളെ നിരോധിച്ച് ചൈന

ബീജിങ്: ഇന്ത്യ, ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ ഇന്ത്യന്‍ പത്രങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം നിരോധിച്ച് ചൈന. ഈ മാസം 15 മുതലാണ് ഗാല്‍വന്‍ വാലിയിലെ ഏറ്റുമുട്ടലിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങളും വ്യാപാര ബന്ധങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനവും എടുത്തത്.

ചൈനീസ് വാര്‍ത്താ വിതരണ മാധ്യമങ്ങള്‍ ഇപ്പോഴും ഇന്ത്യയില്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (VPN) ഉപയോഗിച്ച് ചൈനയിലുള്ളവര്‍ക്ക് ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാക്കാം. ഐ പി ടിവി (IP TV) സംവിധാനം ഉപയോഗിച്ച് ചാനലുകളും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി എക്‌സ്പ്രസ് വി.പി.എന്‍. സംവിധാനം ചൈനയിലെ ലാപ്‌ടോപ്പുകളിലും ഐ ഫോണുകളിലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ടിക് ടോക്, യു സി ബ്രൗസര്‍ അടക്കമുള്ള 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന്റെ പ്രതികാര നടപടിയാണ് മാധ്യമങ്ങളുടെ വിലക്ക്. രാജ്യത്തിന്റെ സുരക്ഷിതത്വം കണക്കിലെടുത്താണ് ആപ്പുകള്‍ നിരോധിക്കാനുള്ള നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.

നവംബറില്‍ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിലെ ഒരു ലേഖനം അനുസരിച്ച്, വര്‍ഷങ്ങളായി ചൈനയില്‍ നിരോധിച്ച വെബ്സൈറ്റുകളുടെ എണ്ണം 10,000 ത്തോളം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കരിമ്പട്ടികയില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉള്‍പ്പെടുന്നു. ബ്ലൂംബെര്‍ഗ്, ദി വാള്‍സ്ട്രീറ്റ് ജേണല്‍, ദി ന്യൂയോര്‍ക്ക് ടൈംസ് എന്നിവ പോലുള്ള വാര്‍ത്താ ഏജന്‍സികള്‍; ഡ്രോപ്പ്‌ബോക്‌സ്, ഗൂഗിള്‍ ഡ്രൈവ് പോലുള്ള ജനപ്രിയ സഹകരണ ഉപകരണങ്ങളും നിരോധിച്ചിട്ടുണ്ട്. ലോകത്തെ 88 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്ന അറുപത്തിയഞ്ച് രാജ്യങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 2016 ല്‍ ഫ്രീഡം ഹൗസ് ചൈനയെ അവസാന സ്ഥാനത്താണ് റാങ്ക് ചെയ്തിരിക്കുന്നത്.

Content Highlight: China cancel the access to Indian newspapers and websites after ban of Chinese apps