‘യുദ്ധമാരംഭിച്ചാല്‍ ഇന്ത്യ പിന്നിലാകും’; ഇന്ത്യക്കെതിരെ പ്രകോപന പരാമര്‍ശവുമായി ചൈന

ബെയ്ജിങ്: യുദ്ധമാരംഭിച്ചാല്‍ ഇന്ത്യ വിജയിക്കില്ലെന്ന പ്രകോപന പരാമര്‍ശം നടത്തി ചൈന. ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലിലാണ് ഇന്ത്യക്കെതിരെ ചൈന പ്രകോപന പരാമര്‍ശം നടത്തിയത്. ഇന്ത്യയും ചൈന്യയും വന്‍ ശക്തികളാണെങ്കിലും ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നാണ് ചൈനയുടെ അവകാശ വാദം.

ഇന്ത്യ-ചൈന അതിര്‍ത്തി ഏറ്റുമുട്ടലിന് ശേഷം നടന്ന ആദ്യ മന്ത്രിതല കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ചൈനയുടെ പ്രതികരണം. ഇന്നലെയാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രിയും തമ്മില്‍ മോസ്‌കോയില്‍ വെച്ച് സമവായ കൂടിക്കാഴ്ച്ച നടത്തിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം കുറക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കണമെന്നാണ് ഗ്ലോബല്‍ ടൈംസ് ആവശ്യപ്പെടുന്നത്. ചൈനയുടെ സൈനിക ശേഷി ഉള്‍പ്പെടെയുള്ള ശേഷി ഇന്ത്യയെക്കാള്‍ കൂടുതലാണെന്ന ബോധ്യം ഇന്ത്യക്ക് വേണമെന്നും എഡിറ്റോറിയല്‍ പറയുന്നു.

രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ നടത്തിയത്. മുന്നറിയിപ്പ് നല്‍കിയിട്ടും അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്ന ചൈനീസ് സൈന്യത്തിന്റെ നടപടിയെ പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി. മോസ്‌കോയില്‍ ഇന്നലെ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ യോഗത്തിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.

Content Highlight: ‘If war starts, India will have no chance of winning’: China threatens despite Rajnath Singh’s warning