277 തൊഴിലാളികൾക്ക് കൊവിഡ്; ഗുജറാത്തിലെ നിർമ്മാണ കമ്പനിക്ക് ഒരു കോടി രൂപ പിഴ

Gujarat: 277 workers test positive, construction firm gets Rs 1-crore notice

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ഗുജറാത്തിലെ നിർമ്മാണ കമ്പനിക്ക് ഒരു കോടി രൂപ പിഴ. 277 തൊഴിലാളികൾക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ പിഎസ്പി പ്രോജക്ട്സിനാണ് പിഴ ചുമത്തിയത്. സാമൂഹിക അകലം പാലിക്കൽ ഉൾപെടെയുള്ള കാര്യങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മുൻസിപ്പൽ കോർപ്പറേഷൻ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഓഗസ്റ്റ് 13 ന് പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചതിന് നിർമ്മാണ കമ്പനിയുടെ മേൽ ഒരു കോടി രൂപ പിഴ ചുമത്താതിരിക്കാൻ വ്യക്തമായ കാരണം മൂന്ന് ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് നോട്ടീസിൽ വ്യക്തമാക്കി.

അഹമ്മദാബാദ് ഐഐഎം, താൽടെജിൽ നിർമ്മാണം നടക്കുന്ന മാൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് എഎംസി അധികൃതർ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ ഇവർക്കിടയിൽ വ്യക്തി ശുചിത്വത്തിന്റെയും സാമൂഹികാകലത്തിന്റെയും അഭാവം കണ്ടെത്തിയിരുന്നു. തുടർന്ന് 1050 തൊഴിലാളികളിൽ നടത്തിയ റാപ്പിഡ് അന്റിജൻ പരിശോധനയിലാണ് 277 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിർമ്മാണ കമ്പനിയിൽ കൊവിഡ് കോഡിനേറ്ററെയും നിയമിച്ചിരുന്നില്ല.

Content Highlights; Gujarat: 277 workers test positive, construction firm gets Rs 1-crore notice