കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലമല്ലെന്ന് തമിഴ്നാട്. മുല്ലപ്പെരിയാറിൽ നിന്ന് പെരിയാറിലേക്ക് ഒഴുകിയ ജലത്തിനേക്കാളും അധികം ജലം കേരളത്തിലെ അണക്കെട്ടുകളിൽ നിന്ന് ഒഴികിയിട്ടുണ്ടെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചു. ഈ വർഷം മെയ് മാസം വരെ 21 ചെറു ഭൂചലനങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന മേഖലയിൽ ഉണ്ടായതായി തമിഴ്നാട് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചെറു ഭൂചലനങ്ങൾ ഭീഷണി അല്ലെന്നും അണക്കെട്ടുകളിൽ വെള്ളം സംഭരിക്കുന്നതുകൊണ്ടാണ് ഭൂചലനം ഉണ്ടാവുന്നതെന്ന വാദം തെറ്റാണെന്നും തമിഴ്നാട് പറഞ്ഞു.
ജൂലെെ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള റസൽ ജോയിയുടെ ഹർജിയിലാണ് തമിഴ്നാട് നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതി ഭരണഘടന ബെഞ്ചിൻ്റെ ഉത്തരവിനെ തുടർന്ന് രൂപികരിച്ച മേൽനോട്ട സമിതി, അണക്കെട്ട് സുരക്ഷിതമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. അതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണം എന്ന ആവശ്യം അനുവദിക്കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. ജലനിരപ്പ് കുറച്ചാൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കർഷകർക്ക് ആവശ്യമായ ജലം ലഭിക്കാത്ത സാഹചര്യം ഉണ്ടാവുമെന്നും തമിഴ്നാട് കോടതിയെ അറിയിച്ചു.
content highlights: Mullaperiyar did not cause a flood in Kerala, TN tells SC