തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ നല്‍കിയ മൊഴി തൃപ്തികരമെന്ന് പ്രതികരണം. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ച മതഗ്രന്ഥങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ല, മറിച്ച് ജലീലിന്റെ സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് ജലീലിനെ ചോദ്യം ചെയ്തതെന്നും, ഇനി മന്ത്രിയുടെ മൊഴിയെടുക്കേണ്ടതിന്റെ ആവശ്യമില്ലെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീല്‍ സമര്‍പ്പിച്ച രേഖകളും തങ്ങള്‍ കണ്ടെത്തിയ രേഖകളും തൃപ്തികരമാണെന്നും മന്ത്രിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളിലെന്നും ഇ ഡി വ്യക്തമാക്കി.
സ്വര്‍ണക്കടത്തുമായി ജലീലിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും ജലീല്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായിട്ടില്ലെന്നും ഖുറാന്റെ കോപ്പികള്‍ക്കൊപ്പം മറ്റ് വസ്തുക്കള്‍ ഒന്നും തന്നെയുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ഇ.ഡി അറിയിച്ചു. ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജലീലിനെതിരെ ആരോപണം മാത്രമാണുള്ളതെന്നും ഇ ഡി ചോദ്യം ചെയ്തതിന്റെ പേരില്‍ രാജി വെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlight: Enforcement Directorate gives Clean Chit to Minister K T Jaleel