പത്തനംതിട്ട: നയതന്ത്ര ചാനലിലൂടെ അനധികൃതമായി മതഗ്രന്ഥങ്ങള്‍ എത്തിച്ച് വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധം എട്ടാം ദിവസവും തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
പത്തനംതിട്ടയിലും കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. നൂറ് കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പത്തനംതിട്ട കളക്ടറേറ്റിലേക്ക് സമരവുമായെത്തിയത്. കളക്ടറേറ്റിനു മുന്നില്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ലാത്തി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കവെ വാഹനം തടഞ്ഞ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കെ.ടി. ജലീലും എം.സി. ഖമറുദ്ദീനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കാസര്‍കോട്ട് കളക്ടറേറ്റ് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരില്‍ മന്ത്രി വി എസ് സുനില്‍ കുമാറിന്റെ ഓഫീസിലേക്കും യുവമോര്‍ച്ചാ മാര്‍ച്ച് നടത്തിയിരുന്നു.
Content Highlights: Protests against Jaleel continue on eighth day; Conflict in Pathanamthitta and Kozhikode