പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്. പൊളിച്ചു പണിയുന്നതിനായി സുപ്രീംകോടതി സർക്കാരിന് അനുമതി നൽകി. ഭാര പരിശോധന നടത്തി അറ്റകുറ്റ പണി നടത്തിയാൽ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ധാക്കി. ജസ്റ്റിസ് ആർ എസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി വിധി റദ്ധാക്കിയത്. പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.
നിരവധി ജീവനുകളുടെ കാര്യമാണ് പാലം അപകടാവസ്ഥയിലെങ്കിൽ അതിൽ പരിശോധന നടത്തേണ്ടതില്ല. പൊളിച്ചു പണിയണമെങ്കിൽ സർക്കാരിന് അതാകാമെന്ന് കോടതി വ്യക്തമാക്കി. പാലാരിവട്ടം പാലം കേസ് വേഗത്തിൽ പരിഗണിച്ച് ഒത്തു തീർപ്പാക്കണെമന്ന് ആവശ്യപെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിലാണ് സർക്കാരിന് അനുകൂലമായി തീർപ്പുണ്ടായിരിക്കുന്നത്. പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന് ആവശ്യപെട്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിലെത്തിയത്.
Content Highlights; palarivattom bridge can be reconstructed orders supreme court