കേന്ദ്ര സർക്കാരിൽ നിന്നുള്ള നിരന്തര വേട്ടയാടൽ; ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു

Amnesty Halts India Operations, Alleges Government

കേന്ദ്ര സർക്കാരിൽ നിന്നുള്ള തുടർച്ചയായുള്ള അടിച്ചമർത്തലും വേട്ടയാടലുകളും മൂലം ഇന്ത്യയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ രാജ്യത്തെ പ്രവർത്തനം നിർത്തിവെയ്ക്കുകയാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണൽ. ഇന്ത്യയിലെ സ്റ്റാഫിനെ ഒഴിവാക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്നും ആംനസ്റ്റി പ്രസ്താവനയിൽ അറിയിച്ചു.

ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൌണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാത്ത ആംനസ്റ്റി അനധികൃതമായി രാജ്യത്തേക്ക് വിദേശ ഫണ്ട് കൊണ്ടുവരികയാണെന്നും കേന്ദ്ര സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചിട്ടുള്ളതെന്ന് ആംനസ്റ്റി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെ വിമർശിച്ചുള്ള തങ്ങളുടെ റിപ്പോർട്ടുകളാണ് തങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കാൻ കാരണമായതെന്നും ആംനസ്റ്റി പറയുന്നു.

എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികളെ  ഉപയോഗിച്ച് സർക്കാർ തുടർച്ചയായി ഉപദ്രവിക്കുകയാണെന്നും കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയുടെ ബാങ്ക് അക്കൌണ്ടുകൾ പൂർണമായും മരവിപ്പിച്ചത് ആസൂത്രിതമാണെന്നും ആനംസ്റ്റി കുറ്റപ്പെടുത്തി. ഡല്‍ഹി കലാപ കേസില്‍ ഡല്‍ഹി പൊലീസിൻ്റേയും കേന്ദ്രസര്‍ക്കാരിൻ്റേയും വിശ്വാസ്യത ചോദ്യം ചെയ്തുള്ള റിപ്പോര്‍ട്ടുകളും ജമ്മു കാശ്മീരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ആംനസ്റ്റി പുറത്തുവിട്ടിരുന്നു.

content highlights: Amnesty Halts India Operations, Alleges Government “Witch-Hunt”